ദിലീപിനായി അനുകൂല പ്രചാരണം നടത്തുന്ന ഏജൻസിയെ കണ്ടെത്തി

Posted on: July 16, 2017 9:32 am | Last updated: July 16, 2017 at 9:32 am

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് അനുകൂലമായ പ്രാചരണം നടത്തുന്ന ഏജൻസിയെ പോലീസ് കണ്ടെത്തി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പോലീസ് കണ്ടെത്തിയത്. ഇവർക്കെതിരെ കേസ് എടുക്കാമെന്നും പോലീസിന് നിയമോപദേശം ലഭിച്ചതായാണ് വിവരം.

ദിലീപ് അറസ്റ്റിലായി ദിവസങ്ങൾക്കകം സോഷ്യൽ മീഡിയ ഉൾപ്പടെ ദിലീപിന് അനുകൂലമായ പ്രചാരണം ശക്തമായിരുന്നു. ഇതിനു വേണ്ടി വ്യത്യസ്ഥമായ ഫേസ്ബുക് പേജുകൾ നിർമ്മിക്കപ്പെട്ടു. പുതുതായി പല ഓൺലൈൻ പത്രങ്ങളും ദിലീപിന് അനുകൂലമായി എഴുതിയിരുന്നു. ആരാണ് ഈ ഏജൻസിയെ ഈ ചുമതല ഏൽപ്പിച്ചത് എന്നാണു പോലീസ് പ്രധാനമായും അന്വേഷിക്കുക.