Connect with us

Kerala

വിദ്യാര്‍ഥിയെ കുത്തിക്കൊന്ന കേസ്: പ്രതി പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കോഴിക്കോട്: മടവൂരില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കാസര്‍കോട് സ്വദേശി മൂലേടത്ത് ഷംസുദ്ദീനെ ഇന്നലെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.  ഇയാള്‍ മടവൂരിലും പരിസരത്തെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നിരവധി കുട്ടികളെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനു നിര്‍ബന്ധിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വഴങ്ങാത്തതിന് ചില കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ സമാനമായ രണ്ട് പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചേവായൂര്‍ സി ഐയുടെ നേതൃത്വത്തില്‍ ഇന്നലെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു.

വെള്ളിയാഴ്ചയാണ് മടവൂര്‍ സി എം സെന്റര്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മാനന്തവാടി കല്ലൂര്‍ പഴഞ്ചേരിക്കുന്ന് ചിറയില്‍ മമ്മൂട്ടി സഖാഫിയുടെ മകന്‍ അബ്ദുല്‍ മാജിദ് (13)കുത്തേറ്റ് മരിച്ചത്. പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം കുളിക്കാനായി ഇറങ്ങിയ മാജിദിനെ യാതൊരു പ്രകോപനവുമില്ലാതെ പ്രതി ഷംസുദ്ദീന്‍ കുത്തുകയായിരുന്നു. മാജിദ് പഠിക്കുന്ന ദഅ്‌വ കോളജിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രതി കൃത്യം ചെയ്തത്.

കുട്ടിയെ കുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കുന്ദമംഗലത്ത് വെച്ചായിരുന്നു പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പിന്നീട് മടവൂരില്‍ നിന്ന് കണ്ടെത്തി. പോലീസ് അറസ്റ്റ് ചെയ്ത ഉടനെ മാനസികാസ്വാസ്ഥ്യം ഉള്ളതായി ഇയാള്‍ അഭിനയിക്കുകയും പരസ്പര വിരുദ്ധ മൊഴികളുമായിരുന്നു പോലീസിന് നല്‍കിയിരുന്നത്.