രാജ്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുന്നത് നാഗ്പൂരിലിരുന്ന് കാവി ട്രൗസറിട്ട് മനുസ്മൃതി വായിക്കുന്നവര്‍: കനയ്യകുമാര്‍

Posted on: July 16, 2017 6:30 am | Last updated: July 16, 2017 at 12:00 am

തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിംകളെ രാജ്യദ്രോഹികളും രണ്ടാം തരക്കാരുമായി കാണുന്ന സംഘ്പരിവാറുകാര്‍ ദളിത് വിഭാഗങ്ങളെ ശ്രദ്ധിക്കുന്നത് പോലുമില്ലെന്നും എ ഐ വൈ എഫ് നേതാവ് കനയ്യകുമാര്‍. നാഗ്പൂരിലിരുന്ന് കാവി ട്രൗസറിട്ട് മനുസ്മൃതി വായിക്കുന്നവരാണ് രാജ്യം എങ്ങനെ മുമ്പോട്ടു പോകണമെന്ന് തീരുമാനിക്കുന്നത്-അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ജനാധിപത്യ ലംഘനമാണ് നടക്കുന്നതെന്ന് കുപ്രചരണം നടത്തുന്ന ആര്‍ എസ് എസിനോടും കേന്ദ്ര സര്‍ക്കാറിനോടും പോ മോനേ മോദി എന്ന് മറുപടി പറയണം. എ ഐ വൈ എഫ് എ ഐ എസ് എഫ് യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ലോംഗ് മാര്‍ച്ചിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ ഗോ മാതാവിനെ കൊല്ലുന്നവരും ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നവരുമാണെന്ന പ്രചാരണമാണ് സംഘ്പരിവാറുകാര്‍ നടത്തുന്നത്.
മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച കനയ്യ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളെ പ്രശംസിക്കാനും മറന്നില്ല. കേരളം ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. കേരളത്തില്‍ ഗോഹത്യ നടക്കുന്നുവെന്ന് പറയുന്നവര്‍ ഗര്‍ഭസ്ഥശിശുക്കളുടെ മരണനിരക്ക് ഇവിടെ കുറവാണെന്ന കാര്യം മറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.