Connect with us

Editorial

പുതിയ തൊഴില്‍നയം

Published

|

Last Updated

ആസ്‌ത്രേലിയ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന “വാക് ഫ്രീ” നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് നിര്‍ബന്ധ തൊഴിലിനും തൊഴില്‍ രംഗത്തെ പീഡനത്തിനും ഇരയാകുന്നവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നാണ്. ഈ വിഷയത്തില്‍ കേരളത്തിലെ തൊഴിലാളികളുടെ സ്ഥിതി ആപേക്ഷികമായി മെച്ചമാണെങ്കിലും സുരക്ഷിതത്വമില്ലായ്മ, ലൈംഗി പീഡനം, തൊഴില്‍ ചൂഷണം, ബാലവേല തുടങ്ങി സംസ്ഥാനത്തെ തൊഴില്‍ മേഖലയും ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനിടെ കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലെ തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ “ഇരിപ്പ് സമരം” നടത്തിയപ്പോഴാണ് ആ മേഖലയിലെ പീഡനത്തിന്റെയും ചൂഷണത്തിന്റെയും കഥകള്‍ പുറം ലോകം മനസ്സിലാക്കിയത്. വേതനവര്‍ധന ആവശ്യപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയതെങ്കിലും വേതനക്കുറവ് മാത്രമായിരുന്നില്ല, തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളും ദുരിതങ്ങളും ചൂഷണവും കൂടിയാണ് അവരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. മാന്യമായ വേതനത്തിനായി കേരളത്തിലെ നഴ്‌സുമാര്‍ സമരത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് കാക്കനാട്ടെ കൈയുറ നിര്‍മാണ കമ്പനിയിലെ ശൗചാലയത്തില്‍, ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിയിലെ വനിതാ ജീവനക്കാരെ ഒന്നടങ്കം ദേഹപരിശോധന നടത്തിയത് സ്ത്രീതൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ബാലവേലക്കെതിരെ നിയമമുണ്ടെങ്കിലും ഹോട്ടലുകളിലും വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും കൗമാരക്കാര്‍ ജോലിചെയ്യുന്നുണ്ട്.

തൊഴില്‍ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ ക്ഷേമൈശ്വര്യത്തിനും സാമൂഹികസുരക്ഷക്കും സംസ്ഥാനത്തെ സാമൂഹികസാമ്പത്തിക മേഖലകളുടെ സമഗ്രവളര്‍ച്ചക്കും സഹായകമെന്ന മുഖവുരയോടെയാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ കരട് തൊഴില്‍ നയം പ്രഖ്യാപിച്ചത്. അസംഘടിത മേഖലയിലെ തൊഴില്‍ സുരക്ഷ, സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷം, തൊഴിലിടങ്ങളിലെ ലിംഗസമത്വം തുടങ്ങിയവ ഉറപ്പാക്കുന്നതോടൊപ്പം സേവനത്തിന്റെ സമയക്രമം, ദൈര്‍ഘ്യം, വേതനഘടന തുടങ്ങിയവ പുനരാവിഷ്‌കരിക്കുമെന്ന് നയത്തില്‍ പറയുന്നു. എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും സാമൂഹിക സുരക്ഷയും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പ് നല്‍കുന്നു. കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ ശാക്തീകരണം, ഭരണച്ചെലവ് കുറച്ച് ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ ക്ഷേമപദ്ധതികളുടെ പരിഷ്‌കരണം, തൊഴില്‍ തര്‍ക്കങ്ങള്‍സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടികള്‍ തുടങ്ങിയ വാഗ്ദാനങ്ങളും മുന്നോട്ട് വെക്കുന്നു.
സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചക്കനുസൃതമായി തൊഴില്‍വര്‍ധനയുണ്ടാകുന്നില്ലെന്നതാണ് ഈ മേഖലയിലെ മുഖ്യപ്രശ്‌നങ്ങളിലൊന്ന്. 1990-91 ല്‍ 5.1 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2011-12 ല്‍ 7.0 ശതമാനവും 2016-17 ല്‍ 7.2 ശതമാനവുമായി ഉയര്‍ന്നപ്പോള്‍ 1990- 2000 മുതല്‍ 2004-05 വരെയുള്ള കാലഘട്ടത്തില്‍ 2.39 ശതമാനമായിരുന്ന തൊഴില്‍ വര്‍ധനവ് 2004-05 മുതല്‍ 2009-10 വരെയുള്ള കാലഘട്ടത്തില്‍ 1.17 ശതമാനമായി കുറയുകയാണുണ്ടായത്. വ്യവസായ ശാലകളിലെ കംപ്യൂട്ടറൈസേഷനും, ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കിയതുമാണ് ഇതിന് പറയപ്പെടുന്ന ഒരു കാരണം. സേവന മേഖലകളായ ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഓഹ രി, ഹോട്ടല്‍, ടൂറിസം മേഖലകളിലെ മുന്നേറ്റമാണ് സാമ്പത്തിക വളര്‍ച്ചയുടെ പിന്നിലെന്നും വ്യവസായ മേഖലയിലെ വളര്‍ച്ചാ നിരക്ക് വളരെ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നത് വ്യവസായ മേഖലയാണ്. സ്ഥിരം ജീവനക്കാരുടെ എണ്ണം കുറച്ചു കോണ്‍ട്രാക്ട് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണെന്നതാണ് ഈ മേഖല നേരിടുന്ന മറ്റൊരുപ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴില്‍ അധിഷ്ഠിത വികസനം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.

പ്രസവാനുകൂല്യങ്ങള്‍, തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങള്‍, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ശമ്പളത്തോടു കൂടിയ പ്രസവാവധി, യാത്രാ-താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഇടപെടലുകള്‍, തൊഴിലിടങ്ങളില്‍ ഇരിപ്പിട സൗകര്യം തുടങ്ങി സ്ത്രീജീവനക്കാര്‍ക്കായി കരട് നിയമം കുറേ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. തൊഴില്‍ചൂഷണങ്ങളില്‍ നിന്നും ലൈംഗിക പീഡനങ്ങളില്‍ നിന്നുമുള്ള സംരക്ഷണം ഇതിനേക്കാളെല്ലാം പ്രധാനമാണ്. പല സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീകളുടെ സ്ഥിതി ദയനീയമാണ്. തൊഴിലിടങ്ങളിലെ സുരക്ഷക്കായി നാല് വര്‍ഷം മുമ്പ് കേന്ദ്രം പ്രത്യേക നിയമം ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സമാധാനത്തോടെയും മാനത്തിന് പോറലേല്‍ക്കാതെയും ജോലി ചെയ്യാനുള്ള അന്തരീക്ഷം ഇന്നും പല സ്ഥാപനങ്ങളിലുമില്ല.

പുതിയ തൊഴില്‍നയം പ്രഖ്യാപിച്ചതു കൊണ്ടായില്ല, അവ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കുകയും വേണം. കഴിഞ്ഞ കാല സര്‍ക്കാറുകള്‍ ഇതുപോലെ മോഹന വാഗ്ദാനങ്ങളുമായി തൊഴില്‍ നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയില്‍ നടപ്പായ കാര്യങ്ങള്‍ വിരളമാണ്.

Latest