ദിലീപിന്റെ അറസ്റ്റ് നടന്ന ദിവസം മരണം നടന്ന വീട് പോലെ മനസ്സ് ദുര്‍ബലമായി: വൈശാഖ്

Posted on: July 13, 2017 9:01 pm | Last updated: July 13, 2017 at 9:17 pm
SHARE

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ വൈശാഖ് രംഗത്ത്. എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാന്‍ കഴിയില്ല. ദിലീപേട്ടന്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം
ഭൂമി പിളര്‍ന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സില്‍.

കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ തോന്നിയെന്നും മരണം നടന്ന വീട് പോലെ മനസ്സ് ദുര്‍ബലമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

താന്‍ ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ പക്ഷത്തുതന്നെയാണ്. നീതി അവളുടെ അവകാശമാണെന്നും തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ,
ഒരുപാട് സ്വപ്നങ്ങളും ,ഏറെ പരിഭ്രമവുമായി
‘കൊച്ചിരാജാവ് ‘എന്ന സിനിമയില്‍ ഒരു സംവിധാന സഹായിയായി എത്തിയ കാലം …
മനസ്സ് നിറയെ ആദ്യമായി സിനിമയില്‍ എത്തിപ്പെട്ടതിന്റെ വിറയല്‍ ആയിരുന്നു .
സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കരങ്ങള്‍ ഒരു കരുതലായി എന്റെ തോളില്‍ സ്പര്‍ശിച്ചു …
നായകന്റെ കരങ്ങള്‍ …
ദിലീപ് എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ പരിചയപ്പെട്ട ദിവസങ്ങള്‍ …

സ്‌നേഹിക്കുന്നവരെ ഹൃദയത്തോട്
ചേര്‍ത്ത് പിടിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് വശ്യമായിരുന്നു …
പിന്നീടൊരിക്കല്‍ 2020 തുടങ്ങും മുന്‍പ് ,
ജോഷി സാറിന് എന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടന്‍ പറഞ്ഞു ‘ എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിര്‍ത്തിയാല്‍ നന്നായിരുന്നു ‘.
ദിലീപേട്ടന്‍ എന്നും എനിക്ക് അത്ഭുതമായിരുന്നു …
പരിമിതികളെ ഇച്ഛാശക്തി കൊണ്ടും
കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ …
ഒരിക്കല്‍ ,
സഹസംവിധായകനായ എന്റെ ആശ്രദ്ധ കൊണ്ട് , 2020 യില്‍ ഒരബദ്ധം സംഭവിച്ചു .
‘എന്റെ തെറ്റല്ലെന്ന് ‘പിടിച്ചുനില്‍ക്കാന്‍ ഞാന്‍ കളവു പറഞ്ഞു .
അന്ന് ദിലീപേട്ടന്‍ എന്നെ ഉപദേശിച്ചു ,
‘ സിനിമ നമുക്ക് ചോറ് മാത്രമല്ല ,
ഈശ്വരനുമാണ് . തെറ്റുകള്‍ പറ്റാം തിരുത്താനുള്ള അവസരം സിനിമ തരും .

പക്ഷെ തൊഴിലില്‍ കള്ളം പറയരുത് .
അത് പൊറുക്കപ്പെടില്ല .’
പിന്നീട് ഞാന്‍ സംവിധായകനായി .
ദിലീപേട്ടന്‍ നായകനായ ചിത്രവും ഞാന്‍ സംവിധാനം ചെയ്തു .
സിനിമയില്‍ എത്തിയ ശേഷം എന്നെ ഏറ്റവും നടുക്കിയ വാര്‍ത്തയായിരുന്നു ,
എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ നടിക്കെതിരെ നടന്ന പൈശാചികമായ ആക്രമണം .
ആ സംഭവത്തെക്കുറിച്ചു കേട്ട
ഓരോ വിശദാമ്ശ്ങ്ങളും മനസ്സില്‍
വല്ലാത്ത നീറ്റലായിരുന്നു .
ഞാന്‍ സഹസംവിധായകനായിരുന്ന കാലത്തു തന്നെ ഞങ്ങള്‍ ഒരുമിച്ചു ജോലി
ചെയ്തിട്ടുള്ളതാണ് .അന്ന് മുതല്‍ ഊഷ്മളമായ ഒരു സൗഹൃദം സൂക്ഷിക്കാന്‍
ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് .

ദാരുണമായ ആ സംഭവത്തിന് ശേഷം ,
വിദേശത്തു ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തു വച്ച് ഞാനവളെ വീണ്ടും കണ്ടു …
ഏറെനേരം ഞങ്ങള്‍ സംസാരിച്ചു .
എന്റെ തണുത്ത കൈ പിടിച്ചു അവള്‍ ചിരിച്ചപ്പോള്‍ ,
അവളുടെ കണ്ണില്‍ ഒളിപ്പിച്ചു വച്ച വേദന എനിക്ക് കാണാമായിരുന്നു .
അവള്‍ക്കു നീതി കിട്ടും …കിട്ടണം .
അത് എന്റെ പ്രാര്‍ത്ഥനയായിരുന്നു …

പക്ഷെ ,
അവള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ
ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി
ദിലീപേട്ടന്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം …
ഭൂമി പിളര്‍ന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സില്‍ ..
കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ …
മരണം നടന്ന വീട് പോലെ മനസ്സ് ദുര്‍ബലമായി …
ക്ഷീണിതമായി ..
എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാന്‍ കഴിയില്ല …
സ്വന്തം മകളെക്കുറിച്ചു പറയുമ്പോള്‍ ,
അദ്ദേഹത്തിന്റെ മനസിലെ പിടച്ചിലും
കരുതലും ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ് …
സഹോദരിയെയും ,അമ്മയെയും അദ്ദേഹം എത്രത്തോളം സ്‌നേഹിക്കുന്നു എന്ന്
എനിക്കറിയാവുന്നതാണ് …

എന്റെ മകളുടെ ശിരസ്സില്‍ കൈ വച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം
ഒട്ടും കളവായിരുന്നില്ല …
എല്ലാത്തിലുമുപരി ദിലീപേട്ടന്‍ ഒരു കലാകാരനാണ് …
ഇങ്ങനെയൊന്നും ചെയ്യാന്‍ ,ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ല …
സത്യം പുറത്തു വരണം …
നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നല്‍കണം …
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു …
അന്തിമ വിധി വരുന്നത് വരെ ,
ഇപ്പോള്‍ കാണിക്കുന്ന ഈ ആക്രമണകളില്‍ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ ???
മനസ്സില്‍ തൊട്ടു പറയുന്നു ,

ഞാന്‍
ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ
പക്ഷത്തു തന്നെയാണ് …
നീതി അത് അവളുടെ അവകാശമാണ് …
തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം …
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപേട്ടനും
ശിക്ഷക്ക് അര്‍ഹനാണ് …
പക്ഷേ ,
ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍
ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന
അനീതിക്കും അതിക്രമങ്ങള്‍ക്കും
കേരളം എങ്ങനെ മാപ്പു പറയും …!!!???

ദിലീപേട്ടാ …
നിങ്ങളുടെ നിരപരാധിത്വം ലോകത്തെ
ബോധ്യപ്പെടുത്താനുള്ള ബാധ്യത
നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിങ്ങളുടേത്
മാത്രമായിപ്പോയിരിക്കുന്നു …
എന്റെ പ്രാര്‍ത്ഥന ….
അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരൂ …

സ്‌നേഹപൂര്‍വ്വം ….
വൈശാഖ് .

 

LEAVE A REPLY

Please enter your comment!
Please enter your name here