ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മുസ്‌ലിം വ്യാപാരിക്ക് ക്രൂരമര്‍ദനം

Posted on: July 13, 2017 8:50 am | Last updated: July 13, 2017 at 12:18 pm

ഹിസാര്‍(ഹരിയാന): ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മുസ്‌ലിം വ്യാപാരിക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് ആക്രമണം. ഈ സമയം പള്ളിയില്‍ നിസ്‌കരിക്കാന്‍ പോകുകയായിരുന്ന വ്യാപാരിയെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു. പള്ളിയുടെ തൊട്ടുമുമ്പിലായിരുന്ന ഇദ്ദേഹം മുദ്രാവാക്യം വിളിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും ഒരു സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് നൂറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം അമര്‍നാഥ് ക്ഷേത്രത്തില്‍ നടന്ന ഭീകാരക്രമണത്തിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയിട്ടില്ലെന്നും പ്രശ്‌നത്തെക്കുറിച്ച് ബ്ജറംഗ്ദള്‍ നേതാക്കള്‍ പ്രതികരിച്ചു. മര്‍ദിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞില്ല. നേരത്തെ പ്രതിഷേധ പ്രകടനം നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റിയാണ് പ്രതിഷേധക്കാര്‍ ലാഹോരി ചൗക്കിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബോധപൂര്‍വം പ്രശ്‌നം സൃഷ്ടിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് മുസ്‌ലിം കല്യാണ്‍ കമ്മിറ്റി ഹിസാര്‍ യുനിറ്റ് പ്രസിഡന്‍ ഹാര്‍ഫുല്‍ ഖാന്‍ ഭട്ട് പറഞ്ഞു.