പറക്കും ടാക്‌സി ഉടന്‍; പരീക്ഷണപ്പറക്കല്‍ വിജയം

Posted on: July 12, 2017 8:05 pm | Last updated: July 12, 2017 at 8:05 pm

ദുബൈ: ദുബൈയില്‍ പറക്കും ടാക്‌സി ഉടന്‍ യാഥാര്‍ഥ്യമാകും. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കേന്ദ്രത്തില്‍ ആര്‍ ടി എ പരീക്ഷണ പറക്കല്‍ നടത്തി. പരീക്ഷപ്പറക്കല്‍ വിജയമായെന്ന് ആര്‍ ടി എ അറിയിച്ചു.

ഇഹാങ് എന്ന കമ്പനിയാണ് പറക്കും ടാക്‌സി രൂപകല്‍പന ചെയ്തത്. ഓട്ടോണോമസ് ഏരിയല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന വാഹനമാണിതെന്ന് ഇഹാങ് അറിയിച്ചു. പരീക്ഷണ പറക്കലിന്റെ വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുര്‍ജ് ഖലീഫക്ക് സമീപം, സ്‌കൈ ഡൈവ് മരുഭൂമി ക്യാമ്പസ് എന്നിവടങ്ങളില്‍ വാഹനം പറന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോക ഭരണകൂട ഉച്ചകോടിയില്‍ ആര്‍ ടി എ യും ഇഹാങ്ങും ധാരണാപത്രം ഒപ്പു വെച്ചിരുന്നു. 3. 9 മീറ്റര്‍ നീളത്തിലും 4. 2 മീറ്റര്‍ വീതിയിലും ഉള്ള വാഹനം ഹെലിക്കോപ്റ്റര്‍ മാതൃകയിലാണ്. 3000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കും. 360 കിലോ ആണ് ഭാരം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഒരാള്‍ക്ക് സുഖമായി യാത്ര ചെയ്യാം.