നാല് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് അബ്ദുല്‍ ഗഫൂര്‍ നാട്ടിലേക്ക്

Posted on: July 12, 2017 4:08 pm | Last updated: July 12, 2017 at 4:08 pm
അബ്ദുല്‍ ഗഫൂര്‍

ഷാര്‍ജ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് അബ്ദുല്‍ ഗഫൂര്‍ നാട്ടിലേക്ക്. 1977 ജൂലൈയില്‍ ബോംബെയില്‍ നിന്ന് ഷാര്‍ജയിലേക്ക് ഇറാഖി എയര്‍വേയ്‌സില്‍ എത്തിയതായിരുന്നു തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുല്‍ ഗഫൂര്‍.

ഒരു അറബി വീട്ടില്‍ ഡ്രൈവറുടെ വിസയിലായിരുന്നു പ്രവാസം തുടങ്ങിയത്. കിട്ടിയ ജോലിയില്‍ ഒതുങ്ങിക്കൂടാതെ മറ്റു ജോലികള്‍ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി അബുദാബിയിലെ ഒ സി സി എന്ന കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ലഭിച്ചു.
കഠിന പ്രയത്‌നങ്ങളുടെ ഫലമായിട്ടാണ് ആറ് വര്‍ഷത്തിന് ശേഷം അല്‍ സുബൈദി റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററായത്.

സ്ഥിരമായ പരിശ്രമങ്ങളും വ്യക്തമായ ലക്ഷ്യവും അതിനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കില്‍ പ്രവാസ ഭൂമികയില്‍ ജീവിതം മികവുറ്റതാക്കാമെന്നതാണ് ഗഫൂറിന്റെ പ്രവാസ പാഠങ്ങള്‍.
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അറബി അധ്യാപികയായ സക്കീന ഭാര്യയാണ്. സെബീല്‍ (എന്‍ജിനീയര്‍ അബുദാബി), തസ്‌നീം, തഹ്‌സീല്‍ (ഇരുവരും ഡോക്ടര്‍മാര്‍) എന്നിവര്‍ മക്കളും. സുഹ്‌റാബി, മുഹമ്മദ് റാഫി എന്നിവര്‍ മരുമക്കളുമാണ്.മക്കള്‍ക്ക് മികച്ച രീതിയില്‍ മത, ഭൗതിക വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞതാണ് പ്രവാസത്തിലൂടെ ലഭിച്ച നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത് എന്നാണ് അബ്ദുല്‍ ഗഫൂര്‍ പറയുന്നത്.
ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയണമെന്നത് മാത്രമാണ് അബ്ദുല്‍ ഗഫൂര്‍ മുന്നില്‍ കാണുന്നത്. വിവരങ്ങള്‍ക്ക് 055-4744321.