വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും

Posted on: July 12, 2017 3:23 pm | Last updated: July 12, 2017 at 6:28 pm

തിരുവനന്തപുരം: ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച കാവില്‍പുരയിടത്തില്‍ ജോയി എന്ന തോമസിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ദുരിതാശ്വാസ നിധിയില്‍നിന്ന് തുക അനുവദിക്കും.

അധികൃതര്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജോയി വില്ലേജ് ഓഫീസിന്റെ മുമ്പില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് പിന്നീട് പോലീസില്‍ കീഴടങ്ങിയിരുന്നു.

ജോയിയുടെ കുടുംബത്തിന് ചക്കിട്ടപാറ സഹകരണ ബേങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. മകള്‍ക്കായി വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂനിയന്‍ ബേങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതയും തീര്‍ക്കാനുള്ള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.