Connect with us

Kozhikode

തിരികക്കയത്ത് സന്ദര്‍ശക പ്രവാഹം; സംഘര്‍ഷം പതിവാകുന്നു

Published

|

Last Updated

വെളളച്ചാട്ടം കാണാനെത്തിയ സന്ദര്‍ശകര്‍

നാദാപുരം: മഴക്കാലമായതോടെ തിരികക്കയത്ത് വെള്ളച്ചാട്ടത്തിന് ശക്തി കൂടി. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചു. ഇതോടെ വെളളച്ചാട്ട പരിസരത്ത് സംഘര്‍ഷം പതിവായി. സുരക്ഷയൊരുക്കാന്‍ പൊലീസില്ലാത്തതിനാല്‍ അടിപിടിയുണ്ടാക്കുന്ന സന്ദര്‍ശകരെ പിരിച്ചുവിടാന്‍ നാട്ടുകാര്‍ ഏറെ പ്രയാസപ്പെടുകയാണ്. വിലങ്ങാട് ടൂറിസം പ്രൊജക്ടിലെ ഏറ്റവും പ്രധാന കേന്ദ്രമാണ് തിരികക്കയം വെള്ളച്ചാട്ടം.

അമ്പത് മീറ്റര്‍ ഉയരത്തില്‍ നിന്നും താഴെക്ക് പതികുന്ന ഇവിടെ കുളിക്കാനും ആസ്വദിക്കാനുമായി നിത്യേന നൂറുകണക്കിന് ആളുകളെത്തുന്നുണ്ട്. അവധി ദിവസങ്ങളില്‍ എത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ തിരികക്കയം വീര്‍പ്പുമുട്ടുകയാണ്. ഇത്തരം ദിവസങ്ങളില്‍ എത്തുന്ന സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യുന്നത്.

വെള്ളച്ചാട്ടത്തിന് സമീപത്ത് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത് അവശിഷ്ടങ്ങള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിക്ഷേപിക്കുന്നതും പ്രയാസം നൃഷ്ടിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും താഴെക്ക് വീണ് നരിപ്പറ്റ സ്വദേശിയായ യുവാവ് മരണപ്പെട്ടപ്പോള്‍ മുതല്‍ മഴക്കാലത്ത് തിരികക്കയത്ത് പൊലീസിനെ വിന്യസിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും സുരക്ഷക്ക് ആരെയും നിയോഗിച്ചിട്ടില്ല.