ബി നിലവറ തുറക്കാനാകില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് തിരുവനന്തപുരം

Posted on: July 10, 2017 11:51 pm | Last updated: July 11, 2017 at 9:43 am

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലെന്ന് ക്ഷേത്രട്രസ്റ്റ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രസ്റ്റ് നിലപാട് വ്യക്തമാക്കിയത്. കവടിയാര്‍ കൊട്ടാരത്തിലെത്തിയാണ് മന്ത്രി രാജകുടുംബാംഗങ്ങളെ കണ്ടത്. എന്നാല്‍, നിലവറ തുറക്കാന്‍ ആചാരപരമായും വാസ്തുവിദ്യാപരമായും തടസങ്ങളുണ്ടെന്ന്് ട്രസ്റ്റിലെ അംഗങ്ങള്‍ അറിയിച്ചു. ബി നിലവറ തുറക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രിയും ആവര്‍ത്തിച്ചു. അര മണിക്കൂറോളം മന്ത്രി രാജകുടുംബവുമായി ചര്‍ച്ച നടത്തി.
ബി നിലവറ തുറന്ന് കണക്കെടുപ്പ് നടത്തിയാല്‍ ആരുടെയും വിശ്വാസം വ്രണപ്പെടില്ലെന്നും ഇക്കാര്യം ക്ഷേത്രം ട്രസ്റ്റുമായി ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരേ രാജകുടുംബം രംഗത്തുവന്നിരുന്നു. എതിര്‍പ്പുയര്‍ന്നതോടെ വ്യക്തത തേടുന്നതിന്റെ ഭാഗമായാണ് ദേവസ്വം മന്ത്രി കവടിയാര്‍ കൊട്ടാരത്തിലെത്തി ക്ഷേത്രം ട്രസ്റ്റിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍, അമിക്കസ്‌ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്കുശേഷം മന്ത്രി പറഞ്ഞു. ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും കാര്യമാണ് രാജകുടുംബം പറയുന്നത്. അതല്ലാതെ നിലവറ തുറക്കുന്നതിനോടുള്ള അതൃപ്തി അല്ലെന്നും മന്ത്രി പ്രതികരിച്ചു.