നടിയെ ആക്രമിച്ച സംഭവത്തിന്റെ നാള്‍വഴികള്‍

Posted on: July 10, 2017 7:51 pm | Last updated: July 11, 2017 at 9:42 am

കൊച്ചി: 2017 ഫെബ്രുവരി 17നാണ് മലയാളത്തിലെ യുവ നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചിത്രങ്ങളെടുക്കകുയും ചെയ്തു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫ്, പി.ടി. തോമസ് എംഎല്‍എ എന്നിവരെ വിവരമറിയിച്ച ലാല്‍, സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പള്‍സര്‍ സുനിയില്‍ മാത്രം കേസൊതുങ്ങിപ്പോകുമെന്ന് കരുതി.

പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, സംവിധായകന്‍ നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും ഫോണ്‍ ചെയ്തു ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നു നടന്‍ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രില്‍ 20നു നല്‍കിയ പരാതിയാണു കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനില്‍ ജയിലില്‍നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും മാധ്യമങ്ങളിലൂടെ പുറത്തായി.

എന്നാല്‍ ദിലീപിന്റെ പരാതിയില്‍ ഇതുവരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍നിന്നു സുനില്‍ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോണ്‍ രേഖകളില്‍നിന്നു പൊലീസിനു വ്യക്തമായി.

തുടര്‍ന്ന് ദിലീപിനെയും നടനും സംവിധായകനുമായ നാദിര്‍ഷായെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാല്‍ തന്റെ കേസില്‍ മൊഴിനല്‍കാനെത്തിയതാണെന്നും പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും ദിലീപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് അമ്മ സംഘടനയുടെ യോഗത്തില്‍ ദിലീപിന് പരസ്യ പിന്തുണ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ സംഘടനയിലെ ആളുകള്‍ കൂകിവിളിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് തന്റെ പേരു പ്രചരിച്ചപ്പോഴെല്ലാം അതിനെ മുളയിലെ നുള്ളി ്്‌നിരപരാധിത്തം’ തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ദിലീപ്. എത്ര വലിയ സ്രാവായയാലും പിടികൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് ഒരാഴ്ച കഴിയും മുമ്പ് ദിലീപിനെ അറസ്റ്റ്‌ചെയ്യുകയും ചെയ്തു.