സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ യു എ ഇ പ്രതിജ്ഞാബദ്ധം: ശൈഖ ലുബ്‌ന

Posted on: July 9, 2017 11:32 pm | Last updated: July 10, 2017 at 5:07 pm
ആദ്യ യോഗത്തിന് ശേഷം ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ടോളറന്‍സിന്റെ കമ്മിറ്റി അംഗങ്ങള്‍ യൂണിയന്‍ മ്യൂസിയത്തില്‍

ദുബൈ: അന്താരാഷ്ട്ര സമൂഹത്തില്‍ സഹിഷ്ണുത, സമാധാനം, സഹവര്‍ത്തിത്വം, ഐക്യം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യ അറബ് എമിറേറ്റും ക്രാന്തദര്‍ശികളായ ഭരണാധികാരികളും പ്രതിജ്ഞാബദ്ധരാണെന്ന് യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി.

പൗരന്മാരുടെയും വിദേശികളുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കാനും സമൂഹത്തിനാവശ്യമായ കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാനും ഏവര്‍ക്കും സഹിഷ്ണുതയോടെ ഒരുമയോടെ ജീവിക്കാനും കഴിയുന്ന മണ്ണാണ് യു എ ഇയെന്നും ശൈഖ ലുബ്‌ന പറഞ്ഞു.
ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ടോളറന്‍സിന്റെ ആദ്യ യോഗം ദുബൈ യൂണിയന്‍ മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈഖ ലുബ്‌ന. രാജ്യാന്തരതലത്തില്‍ സഹിഷ്ണുത പ്രോത്സാഹിപ്പിക്കാനും സഹിഷ്ണുതയുടെ വക്താക്കളെ ആദരിക്കാനും രാജ്യങ്ങള്‍ക്കിടയില്‍ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച നയങ്ങളില്‍ വിദഗ്‌ധോപദേശം നല്‍കുന്നതിന്റെയും ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ടോളറന്‍സ് സ്ഥാപിച്ചത്.

ദേശീയതലത്തിലും മേഖലാതലത്തിലും അന്തര്‍ദേശീയ തലത്തിലും സഹിഷ്ണുതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട പ്രാധാന്യം യോഗം ചര്‍ച്ച ചെയ്തു. മതപരമായ ആശയങ്ങളും ഉദ്ധരണികളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികള്‍ അതിജയിക്കാന്‍ കഴിയുന്ന പരിഹാരങ്ങളാണെന്ന് യോഗം വിലയിരുത്തി. വരുന്ന വേള്‍ഡ് എക്‌സ്‌പോ 2020 യു എ ഇയുടെ സഹിഷ്ണുതാ മാതൃക പ്രതിഫലിക്കുന്നതാകും.

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സഹിഷ്ണുതാ പുരസ്‌കാരത്തിന്റെ നടപടിക്രമങ്ങളും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനവും ചര്‍ച്ചയായി. യുവാക്കള്‍ക്കിടയില്‍ സഹിഷ്ണുതാ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. അഞ്ചു വിഭാഗങ്ങളിലാണ് സഹിഷ്ണുതാ പുരസ്‌കാരം. ചിന്ത, സാഹിത്യം, കല എന്നീ രംഗങ്ങളിലാണ് മൂന്ന് പുരസ്‌കാരങ്ങള്‍. യുവാക്കളുടെ പദ്ധതികള്‍, നവമാധ്യമം എന്നീ രംഗങ്ങളിലാണ് മറ്റു രണ്ട് പുരസ്‌കാരങ്ങള്‍.
ഇസ്‌ലാമിക്-അറബ് സംസ്‌കാരത്തിന്റെ വികസനത്തില്‍ നിലനിന്നിരുന്ന സഹിഷ്ണുതക്ക് വിഘാതമായി ഉടലെടുത്ത വിവിധ പ്രശ്‌നങ്ങളിലും സാംസ്‌കാരിക അപചയത്തിനും പരിഹാരമാകുന്നപ്രായോഗിക പ്രതികരണമാണ് സഹിഷ്ണുതാ പുരസ്‌കാരം.

ശൈഖ ലുബ്‌നയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷ. യു എ ഇ സന്തോഷകാര്യ മന്ത്രി ഉഹൂദ് ബന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫയേഴ്‌സ് മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅ്ബി, യുവജനകാര്യ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ അല്‍ മസ്‌റൂഇ, ജനീവ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അഡ്വാന്‍സ്‌മെന്റ് ആന്‍ഡ് ഗ്ലോബല്‍ ഡയലോഗ് ചെയര്‍മാന്‍ ഡോ. ഹനീഫ് ഹസ്സന്‍ അല്‍ ഖാസിം, ദുബൈ ഇസ്‌ലാമിക് അഫഴേയ്‌ഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാന്‍, ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുതി ബിന്‍ മെജ്‌റിന്‍, അല്‍ അറബിയ ടെലിവിഷന്‍ ന്യൂസ് നെറ്റ്‌വര്‍ക് ജനറല്‍ മാനേജര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ ദാഖില്‍, എം ബി സി ഗ്രൂപ്പ് ഔദ്യോഗിക വക്താവ് മാസിന്‍ ജുബ്‌റാന്‍ ഹായിക്, ദുബൈ ഹോള്‍ഡിംഗ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേധാവി ജെറാള്‍ഡ് ഫ്രാന്‍സിസ് ലോലെസ്, യു എ ഇ ക്യാബിനറ്റ് ആന്‍ഡ് ഫ്യൂച്ചര്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമ്പത്തിക നയ വിഭാഗം ഡയറക്ടര്‍ അഹ്മദ് ഇസ്മാഈല്‍ അല്‍ അബ്ബാസ്, ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി, ജി പി ജി ഗ്രൂപ്പ് സി ഇ ഒ അവിശ്വേശ ഭോജാനി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.