ലാലു പ്രസാദ് യാദവിന്റെ മകളുടെ വീട്ടില്‍ റെയ്ഡ്

Posted on: July 8, 2017 11:31 am | Last updated: July 8, 2017 at 3:00 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കുറഞ്ഞവിലക്ക് ബിമാനി ഭൂമി വാങ്ങിക്കൂട്ടിയെന്ന കേസില്‍ മിസ ഭാരതിയും ഭര്‍ത്താവ് ഷൈലേഷ് കുമാറും അന്വേഷണം നേരികയാണ്. മിസാ ഭാരതിയുടെ ഡല്‍ഹിയിലെ ഫാം ഹൗസിലും രണ്ട് രണ്ടിടങ്ങളിലുമാണ് റെയ്‌ഡെന്ന്് ഇഡി അധികൃതര്‍ പറഞ്ഞു.

204-09 കാലഘട്ടത്തില്‍ ഐ ആര്‍ സി ടി സിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലാലുവിനും കുടുംബത്തിനുമെതിരെ സി ബി ഐ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലാലുവിന് പുറമെ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ഭാര്യയുമായ റാബ്രി ദേവി, ഉപമുഖ്യമന്ത്രി മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ ആര്‍ സി ടി സി മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി കെ ഗോയല്‍, ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സി ബി ഐ റെയ്ഡ് നടത്തി. ഡല്‍ഹി, പാറ്റ്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് സി ബി ഐ സംഘം പരിശോധന നടത്തിയത്.

ഐ ആര്‍ സി ടി സി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഈ ഹോട്ടലിന്റെ നടത്തിപ്പ് പതിനഞ്ച് വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരുന്നു. ബി എന്‍ ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍ നല്‍കിയിരുന്നത്. ഇതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്താണ് കരാറില്‍ ഒപ്പിട്ടത്.

ഐ ആര്‍ സി ടി സി എം ഡിയും രണ്ട് ഡയറക്ടര്‍മാരും കേസില്‍ പ്രതിയാണ്. സംഭവത്തില്‍  മിസ ഭാരതിയെ, 1000 കോടി രൂപയുടെ ബിനാമി കേസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, 2013 സെപ്തംബറില്‍ ലാലു പ്രസാദ് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.
അതേസമയം, കേസ് ബി ജെ പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ലാലു പ്രതികരിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.