Connect with us

Kerala

യുവമോര്‍ച്ച നേതാവിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്; ദുരൂഹതയെന്ന് ബന്ധുക്കള്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയപാതയില്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ യുവമോര്‍ച്ച നേതാവ് പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പിള്ളി വീട്ടില്‍ രാജന്റെ മകന്‍ ലാലുവെന്ന സജിന്‍രാജ് (34) തീ കത്തി മരിച്ച സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുമായി തൃശൂര്‍ സ്വദേശിനിയായ സുഹൃത്തിനയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ താന്‍ ജീവനൊടുക്കുന്നതായി സജിന്‍രാജ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സജിന്‍രാജിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതിന് സമീപം ഇയാള്‍ ഓടിച്ചുവന്ന കാറില്‍ നിന്ന് പോലീസിന് ലഭിച്ച കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന യുവതിക്കാണ് ഇയാള്‍ ആത്മഹത്യാ സൂചന നല്‍കി സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. ഈ യുവതിയുമായി സജിന്‍ രാജിന് ഏറെനാളായി സൗഹൃദമുണ്ട്. സജിന്‍ രാജില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ ഇവര്‍ വാങ്ങിയിട്ടുള്ളതായി സന്ദേശങ്ങളിലും കാറില്‍ നിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പിലും വ്യക്തമായിട്ടുണ്ട്. എന്നാല്‍, ബന്ധുക്കള്‍ ഇത് നിഷേധിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ വാദം.

യുവതിക്ക് പുറമേ അടുത്ത ചില സുഹൃത്തുക്കള്‍ക്കും സജിന്‍ രാജ് ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി സൂചന നല്‍കുന്ന സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് പുറമേ ഇടപ്പള്ളിയിലെ ടോള്‍ പ്ലാസയില്‍ നിന്ന് ടോള്‍ അടച്ചതിന്റെ രസീത് കാറില്‍ നിന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവിടം മുതല്‍ ദേശീയപാതയിലെയും പെട്രോള്‍ പമ്പുകളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് സജിന്‍രാജിന്റെ കാറിനെ സംശയകരമായ ഏതെങ്കിലും വാഹനം പിന്തുടരുന്നതായോ കാറില്‍ ഇയാള്‍ക്കൊപ്പം മറ്റാരുമുണ്ടായിരുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം സജിന്‍ രാജിന് നാട്ടില്‍ ചില പണം ഇടപാടുകള്‍ സംബന്ധിച്ച് ദുരൂഹത ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.