Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സ് യു എസ് വിമാനങ്ങളിലും ലാപ്‌ടോപ്പ് വിലക്ക് പിന്‍വലിച്ചു

Published

|

Last Updated

ദോഹ: അമേരിക്കയിലേക്കുള്ള ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളിലും ലാപ്‌ടോപ് വിലക്ക് പിന്‍വലിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇ, തുര്‍ക്കി വിമാനങ്ങളില്‍ ലാപ്‌ടോപ്പിനും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും വിലക്കു നീക്കിയതിന്റെ പിറകേയാണ് ഖത്വര്‍ എയര്‍വേയ്‌സിലും തീരുമാനം വന്നത്.

ഹമദ് വിമാനത്താവളത്തില്‍ നിന്നും അമേരിക്കന്‍ നഗരങ്ങളിലേക്കു പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പം മറ്റു ഇല്ക്‌ട്രോണിക്‌സ് ഉപകരണങ്ങളും കൈവശം വെക്കാമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് അറിയിച്ചു. യു എസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഖത്വര്‍ എയര്‍വേയ്‌സ് പാലിക്കുന്നുണ്ട്.

വിലക്കു നീക്കാനുള്ള തീരുമാനത്തിനും സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ സഹകരണത്തിനും അമേരിക്കന്‍ അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ഖത്വര്‍ എയര്‍വേയ്‌സിനു പുറമേ ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, തുര്‍ക്കിഷ് എയര്‍ലൈന്‍ എന്നീ വിമാനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലക്ക് നീക്കിയത്.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി യു എസ് വിദഗ്ധര്‍ ഈ രാജ്യങ്ങളിലെത്തി അടുത്ത ദിവസം വിമാനങ്ങളില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് എട്ടു രാജ്യങ്ങളിലെ പത്ത് എയര്‍പോര്‍ട്ടുകളില്‍നിന്നുള്ള വിമാനങ്ങളില്‍ അമേരിക്ക ലാപ്‌ടോപ്പും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കൊണ്ടു പോകുന്നത് നിരോധിച്ചത്. ഈജിപ്ത്, മൊറോകോ, ജോര്‍ദാന്‍, യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്വര്‍, തുര്‍ക്കി രാജ്യങ്ങള്‍ക്കായിരുന്നു വിലക്ക്. തീരുമാനത്തെത്തുടര്‍ന്ന് ഈ നഗരങ്ങളില്‍ നിന്നും അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞിരുന്നു. വിലക്ക് നീക്കാന്‍ ഖത്വര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.

 

Latest