Connect with us

Eranakulam

റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വത്കരണം നടപടികള്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

കൊച്ചി: റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍ വത്കരിക്കുന്ന എന്‍ഡ് ടു എന്‍ഡ് പദ്ധതി അന്തിമഘട്ടത്തിലേക്ക്. അടുത്തമാസം കൊല്ലത്ത് കരുനാഗപള്ളി താലൂക്കില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. സെപ്തംബറോടെ പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിക്കും. പദ്ധതിക്കായി റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഇ പോസ്( ഇലക്ട്രാണിക് പോയിന്റ് ഓഫ് സെയില്‍) ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. അഞ്ച് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തിരിക്കുന്നത്. ഇതില്‍ നിശ്ചിത യോഗ്യത ഇല്ലാത്തതിനാല്‍ ഒരു കമ്പനിയെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഒഴിവാക്കി. ടെന്‍ഡര്‍ നടപടികളുടെ ചുമതല സപ്ലൈക്കോക്കാണ്. ഈ മാസാവസാനത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാണ് സപ്ലൈക്കോക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരമാണ് പൊതുവിതരണ സമ്പ്രദായം മൊത്തം കമ്പ്യൂട്ടര്‍വത്കരിക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ റേഷന്‍ വിതരണത്തില്‍ നടക്കുന്ന കരിഞ്ചന്തയും മറ്റ് ക്രമക്കേടുകളും തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളില്‍ ബയോമെട്രിക്ക് സംവിധാനമായ പി ഒ എസ് മെഷീന്‍ സ്ഥാപിക്കും.ഈ ഉപകരണത്തില്‍ ഉപഭോക്താവിന്റെ വിരലടയാളം പതിച്ചാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

ഉപഭോക്താവിന്റെ റേഷന്‍ വിഹിതം, കടയിലെ സ്റ്റോക്ക്, കഴിഞ്ഞ തവണവാങ്ങിയതിന്റെ കണക്ക് എന്നിവ ഉപകരണത്തിലൂടെ അറിയാന്‍ സാധിക്കും. റേഷന്‍കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രമേ അതിനാല്‍ റേഷന്‍ ലഭിക്കുകയുള്ളൂ. റേഷന്‍ വാങ്ങുന്നില്ലങ്കില്‍ മറ്റുള്ളവര്‍ക്ക് മറിച്ചു കൊടുക്കുന്ന രീതിക്കും ഇതോടെ അവസാനമാകുമെന്നാണ് വിലയിരുത്തല്‍. റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

sijukm707@gmail.com