അമിത് ഷായുടെ വാഹന വ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരുക്ക്

Posted on: July 6, 2017 10:26 pm | Last updated: July 6, 2017 at 10:32 pm

ഭുവനേശ്വര്‍: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാഹന വ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരുക്ക്. ഓഡീഷയിലെ ജയ്പൂര്‍ ജില്ലയില്‍ ഗുരുരക്ഷായാത്ര നടത്തുമ്പോഴാണ് വാഹന വ്യൂഹത്തിലെ ഒരു വാഹനം പശുവിനെ ഇടിച്ചത്. ബരാചന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജയ്പൂര്‍ ജില്ലയിലാണ് സംഭവം. ബന്‍ദാളോക്ക് സമീപമുള്ള ദേശീയ പാതമുറിച്ചുകടക്കവെയാണ് വാഹനം പശുവിനെ ഇടിച്ചിട്ടത്.

അമിത്ഷായുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പ്രതാപ് സാരംഗിന്റെ നേതൃത്വത്തില്‍
ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിക്കേറ്റ പശുവിനെ ചികിത്സയ്ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പശുവിന്റെ ചികിത്സയ്ക്കായി നടപടികള്‍ സ്വീകരിക്കാന്‍ ജര്‍ഗഡ് ജില്ലാകലക്ടറോട് സാരംഗി ആവശ്യപ്പെട്ടു.

‘അമിത്ഷായുടെ വാഹന വ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ഒരു വാഹനമാണ് പശുവിനെ ഇടിച്ചത്. വാഹനത്തിന്റെ വിഐപി സ്റ്റിക്കറിന് നാശം സംഭവിച്ചതായും ആ സമയം അമിത്ഷായുടെ വാഹനം മുന്നില്‍ പോയിരുന്നുവെന്നും’ ബേറി സബ് ഇന്‍സ്പക്ടര്‍ നിരഞ്ജന്‍ സാബര്‍ പറഞ്ഞു.

ബറാചന,ബേറി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റ പശുവിനെ മൃഗഡോക്ടറുടെ സഹായത്തോടെ പരിശോധിച്ചതായും ഇപ്പോള്‍ സുഖം പ്രാപിച്ചതായും പോലീസ് പറഞ്ഞു.