വേനലവധിയാഘോഷം; യു എ ഇ വിമാനക്കമ്പനികള്‍ ലോക നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ചു

Posted on: July 6, 2017 4:00 pm | Last updated: July 6, 2017 at 4:00 pm
SHARE

ദുബൈ: വിമാന ടിക്കറ്റ് നിരക്ക് ചെലവേറിയ വേനല്‍കാല അവധി കാലയളവില്‍ വിവിധ ആഗോള നഗരങ്ങളിലേക്ക് യു എ ഇ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പൊതുവെ യു എ ഇയില്‍ നിന്ന് വിവിധ ലോക നഗരങ്ങളിലേക്ക് പറക്കുകയെന്നത് ചെലവേറിയ കാര്യമാണ്. ദുബൈയില്‍ നിന്നടക്കം നൂറുകണക്കിന് പേര്‍ കുടുംബമടക്കം വേനലവധി ആഘോഷത്തിന് പോവുന്ന സമയവുമാണിത്.
എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ എന്നിവ മടക്ക ടിക്കറ്റ് അടക്കം ആകര്‍ഷകമായ നിരക്കാണ് നല്‍കിയിരിക്കുന്നത്. വേനലവധിക്കാലത്ത് രാജ്യത്ത് നിന്ന് നിരവധി പേര്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര പോകുന്നു. അവധിക്കാലം ചെലവഴിക്കാന്‍ ഇന്ത്യയെ തിരഞ്ഞെടുക്കുന്നവരും ധാരാളമാണ്.
ജൂലൈ 10നും ഡിസംബര്‍ 13നുമിടക്കുള്ള കാലയളവില്‍ യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, മിഡിലീസ്റ്റിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക നിരക്ക് ഏര്‍പെടുത്തി.
ദുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടക്ക ടിക്കറ്റ് അടക്കം എമിറേറ്റ്‌സിന് 1,460 ദിര്‍ഹം നല്‍കിയാല്‍ മതി. കെയ്‌റോയിലേക്ക് 1,560. സൈപ്രസിലെ വിനോദ നഗരമായ ലാര്‍നാക, ജര്‍മനിയിലെ മ്യൂണിക് എന്നിവിടങ്ങളിലേക്ക് മടക്കമടക്കം 2,500 ദിര്‍ഹമിന് താഴെയാണ് നിരക്ക്. ജോഹന്നാസ് ബര്‍ഗിലേക്കും 2,500 ദിര്‍ഹമില്‍ താഴെയാണ്. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്ക് 3,830, 3,900, 4,440 എന്നിങ്ങനെയാണ് നിരക്ക്. സാധാരണ പീക്ക് കാലളവിനേക്കാള്‍ വളരെ കുറവാണ് ഈ ടിക്കറ്റ് നിരക്കുകള്‍.
ഫ്‌ളൈ ദുബൈയില്‍ കൊളംബോ, ഇസ്താംബൂള്‍, ബാങ്കോക്ക്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് പറക്കാന്‍ 1000ത്തിനും 1250 ദിര്‍ഹമിനും ഇടക്ക് നല്‍കിയാല്‍ മതി. ദുബൈ മുതല്‍ പ്രേഗ് വരെ 2,021 ദിര്‍ഹമിന് പോയി വരാം.
അവധിയാഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, സ്‌പെയിന്‍, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് എയര്‍വേയ്‌സ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്.
അബുദാബിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 1,700 ദിര്‍ഹമിന് പറക്കാം. മാഡ്രിഡ് 2,940, മെല്‍ബണ്‍ 4,510, ലണ്ടന്‍ 2,490, ടോക്കിയോ 3,450, വാഷിംഗ്ടണ്‍ ഡി സി 4,000 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. ജൂലൈ നാലിനും ഡിസംബര്‍ 13നും ഇടക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത്തിഹാദിന്റെ ഓഫര്‍ ലഭ്യമാവുക.