ലോക ബേങ്ക് പ്രതിനിധിക്കെതിരായ വര്‍ണവെറി പ്രസംഗം: മന്ത്രി സുധാകരന്‍ മാപ്പ് പറഞ്ഞു

Posted on: July 6, 2017 11:07 am | Last updated: July 6, 2017 at 12:34 pm

തിരുവനന്തപുരം: കേരളത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബേങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാര്‍ഡ് അരിട്വക്കെതിരെ വര്‍ണവെറി പ്രസംഗം നടത്തിയ സംഭവത്തില്‍ മന്ത്രി ജി സുധാകരന്‍ മാപ്പു പറഞ്ഞു. പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മാപ്പുപറഞ്ഞത്. സ്വതന്ത്രമായൊരു ജനവിഭാഗത്തിന്റെ പ്രതിനിധിയാണെന്നാണ് താന്‍ പറഞ്ഞത്. ആഫ്രോ അമേരിക്കന്‍, നീഗ്രോ എന്ന വാക്കുകള്‍ ഇവിടെ നിരോധിച്ചിട്ടില്ല. നിയമസഭയിലും ആളുകള്‍ ഇത് പറയുന്നുണ്ട്. കേരളത്തിലെ ജാതിപ്പേരുകളെപ്പോലെയെന്നാണ് താന്‍ ധരിച്ചത്. ആ പദം ഇപ്പോള്‍ അമേരിക്കയിലൊന്നും ഉപയോഗിക്കാറില്ലെന്ന് പലരും തന്നോട് പറഞ്ഞതായും ഇക്കാര്യത്തില്‍ ക്ഷമ പറയുന്നതായും മന്ത്രി പറഞ്ഞു.

കാസര്‍കോട് നടത്തിയ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ലോകബാങ്കിന്റെ തലപ്പത്തുള്ളവരുടെ അനാസ്ഥ കാരണമാണ് കെഎസ്ടിപി പദ്ധതികള്‍ മുന്നോട്ടുപോകാത്തത്. മന്ത്രിയായ ശേഷം നാല് തവണയാണ് ലോക ബേങ്ക് ടീം തന്നെവന്ന് കണ്ടത്. ഇതിന്റെ നേതാവ് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ്, എന്നുവച്ചാല്‍ ഒബാമയുടെ വംശം. നൂറ്റാണ്ടിനു മുമ്പ് അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടു വന്ന് പണിചെയ്യിപ്പിച്ചിരുന്ന നീഗ്രോ വംശം. അടിമത്വം അവസാനിച്ചപ്പോള്‍ ഇവര്‍ സ്വതന്ത്രരായി, അതിലൊരാള്‍ ഇപ്പോള്‍ ഉദ്യോഗസ്ഥനുമായി; ഇങ്ങനെപോകുന്നു സുധാകരന്റെ പരാമര്‍ശം.

മന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം തര്‍ജമയോടെ ലോക ബേങ്ക് ഡല്‍ഹി കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പരാമര്‍ശത്തിനെതിരെ പരാതി നല്‍കാനുള്ള ശ്രമം നടക്കവേയാണ് സുധാകരന്‍ മാപ്പു പറഞ്ഞത്.