അഞ്ചാം ഏകദിനം ഇന്ന്; പരമ്പര തേടി ഇന്ത്യ

Posted on: July 6, 2017 8:52 am | Last updated: July 6, 2017 at 11:10 am

കിംഗ്സ്റ്റണ്‍(ജമൈക്ക): പരമ്പര തേടി ഇന്ത്യ; സമനില തേടി വിന്‍ഡീസ്. ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് കിംഗ്സ്റ്റണില്‍ നടക്കാനിരിക്കെ ഇന്ത്യ പരുങ്ങലിലാണ്. നാലാം മത്സരത്തില്‍ വിന്‍ഡീസ് നടത്തിയ തിരിച്ചുവരവ് തന്നെ കാരണം. ആദ്യ മത്സരം മഴയെടുത്തപ്പോള്‍ മറ്റ് രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ പതിനൊന്ന് റണ്‍സിന് തോറ്റത് ഇന്ത്യന്‍ നിരയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാകും. അതിനേക്കാളുപരി ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് പുത്തന്‍ ആത്മവിശ്വാസം സംഭരിച്ചിട്ടുണ്ടാകും.
അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ സംബന്ധിച്ചിടത്തോളം അഭിമാന വിഷയമാണ് ഈ പരമ്പര. പരമ്പരയില്‍ ഇനിയും ബാറ്റിംഗ് മികവ് കണ്ടെടുത്തിട്ടില്ലാത്ത വിരാടിന് ഒരു മാച്ച് വിന്നിംഗ് പ്രകടനം അനിവാര്യം. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നാലാം ഏകദിനത്തില്‍ കാഴ്ചവെച്ച തണുപ്പന്‍ ബാറ്റിംഗും ചര്‍ച്ചാവിഷയമാണ്. 114 പന്തില്‍ നിന്നായിരുന്നു ധോണി 54 റണ്‍സെടുത്തത്. എഴുപത് പന്തുകളില്‍ ധോണി സ്‌കോര്‍ ചെയ്തില്ല. ടീം ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു ധോണി പ്രതിരോധ ഗെയിം കാഴ്ചവെച്ചത്. എന്നാല്‍, ഇത് ടീമിന്റെ വിജയത്തെ ബാധിക്കുന്നതായി മാറി. ധോണിയുടെ ഫിനിഷിംഗ് മികവ് നഷ്ടമായെന്നാണ് വിമര്‍ശം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, മൂന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ച് പ്രകടനവുമായി ധോണി കൈയ്യടി നേടിയിരുന്നു.
ഓപണിംഗില്‍ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും നല്‍കുന്ന തുടക്കമാകും ഇന്ന് നിര്‍ണായകമാവുക. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീ്മില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക്കും നിരാശയാണ് നാലാം ഏകദിനത്തില്‍ സമ്മാനിച്ചത്. പരുക്ക് ഭേദമായതിനാല്‍ യുവരാജ് ഇന്ന് കളിച്ചേക്കുമെന്ന്‌സൂചനയുണ്ട്. കേദാര്‍ യാദവിന് മികവ് തെളിയിക്കാന്‍ അവസരം ലഭിച്ചെങ്കിലും സ്ഥിരതക്കുറവ് തിരിച്ചടിയാവുകയാണ്.വിന്‍ഡീസ് നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓപണര്‍മാരായ എവിന്‍ ലെവിസും കൈല്‍ ഹോപ്‌സും ആദ്യ ഇരുപതോവര്‍ ബാറ്റ് ചെയ്താല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചക്കാരായി മാറും. ബൗളിംഗ് നിരയില്‍ ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറുടെ ഫോം വിന്‍ഡീസിന് പരമ്പര സമനിലയാക്കാമെന്ന ശുഭപ്രതീക്ഷ നല്‍കുന്നു.