Kozhikode
ഹാഫ് ബിരിയാണിയും മൂന്ന് ഊണും; നികുതി അടച്ചത് 24 രൂപ

മുക്കം: ഹോട്ടല്‍ ഭക്ഷണത്തിന് ജി എസ് ടി നടപ്പാക്കുന്നതിലൂടെ വില കുറയുമെന്ന മന്ത്രിയുടെ പ്രസ്താവന പേപ്പറില്‍ ഒതുങ്ങുന്നു. ജി എസ് ടിയുടെ മറവില്‍ വ്യാപകമായി ജനങ്ങളില്‍ നിന്ന് അധിക പണം ഈടാക്കുന്നതായി പലരും പരാതിപ്പെട്ടു. ഹോട്ടലില്‍ നിന്ന് മൂന്ന് ഊണും ഹാഫ് ബിരിയാണിയും കഴിച്ചതിന് അടച്ച നികുതി 24 രൂപ. ചെറിയ ഹോട്ടല്‍ തേടി ഭക്ഷണം കഴിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ക്കാണ് അധിക പണം നല്‍കേണ്ടിവന്നത്. ഹോട്ടലുടമയോട് ബില്ലിലെ സംശയം ചോദിച്ചപ്പോഴാണ് ജി എസ് ടിയാണെന്ന കാര്യം അറിയുന്നത്.
ജോലി സ്ഥലങ്ങളില്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ഭാരമാവുകയാണ് ജി എസ് ടി. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയുമെന്ന മന്ത്രിയുടെ പ്രസ്താവന എവിടെയെന്നാണ് ചിലരുടെ ചോദ്യം.
ജി എസ് ടിയെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത സാധാരണക്കാരനെ വഞ്ചിക്കാ ന്‍ എളുപ്പമാര്‍ഗമായി പലരും ഇതിനെ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ജൂലൈ ഒന്നിന് ശേഷം ചില തട്ടുകടകളില്‍ പോലും എട്ട് രൂപയുടെ ചായക്ക് പത്ത് രൂപ ആണ് വില.
ജി എസ് ടിയുടെ മറവില്‍ സാധാരണക്കാര്‍ ചൂഷണത്തിന് ഇരയാകാതിരിക്കാന്‍ വാണിജ്യ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ നടപടികള്‍ ആവശ്യമാണ്. ഹോട്ടലുകളും മറ്റും ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന നികുതി ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ സംവിധാനങ്ങളും ആവശ്യമാണ്.