ആര്‍ എസ് എസ് കൊലക്കത്തി താഴെവെച്ചാല്‍ കണ്ണൂരില്‍ സമാധാനം പുലരും: കോടിയേരി

Posted on: July 4, 2017 3:09 pm | Last updated: July 4, 2017 at 5:19 pm

തിരുവനന്തപുരം; ആര്‍ എസ് എസ് കൊലക്കത്തി താഴെവെച്ചാല്‍ കണ്ണൂരില്‍ സമാധാനം പുലരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാരം വീണ്ടും ചോരക്കൊതിയുമായി കണ്ണൂരില്‍ ഇറങ്ങിയിരിക്കയാണ്. ഒരു ഭാഗത്ത് സമാധാനത്തെ കുറിച്ച് പറയുകയും മറ്റൊരു ഭാഗത്ത് അക്രമം നടത്താനുള്ള ആയുധം കൊടുക്കുകയുമാണ് ആര്‍ എസ് എസ് നേതൃത്വം ചെയ്യുന്നത്. ഈ രീതി മാറ്റാന്‍ തയ്യാറാവാതിടത്തോളം സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കണ്ണൂരില്‍ വെട്ടേറ്റ എരഞ്ഞോളി കൊടക്കളം കുന്നുമ്മല്‍ ബ്രാഞ്ച് അംഗം കുണ്ടാഞ്ചേരി ശ്രീനിജന്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം സഹിതമായിരുന്നു കോടിയേരിയുടെ പോസ്റ്റ്.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍ എസ് എസ് സംഘപരിവാരം വീണ്ടും ചോരക്കൊതിയുമായി കണ്ണൂരില്‍ ഇറങ്ങിയിരിക്കയാണ്.സിപിഐ എം എരഞ്ഞോളി കൊടക്കളം കുന്നുമ്മല്‍ ബ്രാഞ്ചംഗമായ കുണ്ടാഞ്ചേരി ശ്രീജനെയാണ് ആര്‍ എസ് എസുകാര്‍ പട്ടാപ്പകല്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആ സഖാവിനെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

തന്റെ ഓട്ടോറിക്ഷയുമായി യാത്രക്കാരെയും കാത്ത് ഓട്ടോസ്റ്റാന്‍ഡില്‍ ഇരിക്കുമ്പോഴാണ് ശ്രീജനെ കൊല്ലാനായി സംഘടിച്ചെത്തിയ ആര്‍എസ്എസ് ബിജെപി ക്രിമിനല്‍ സംഘം ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി, പ്രാണരക്ഷാര്‍ത്ഥം ഓടിയ ശ്രീജനെ ആയുധങ്ങളുമായി പിന്തുടര്‍ന്ന സംഘികള്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ശ്രീജന്റെ വലതു കാല്‍ വെട്ടേറ്റ് അറ്റുപോയി. കൈകളില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. തലയ്ക്കും നെഞ്ചത്തും വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റു. മൃഗീയമായ ആക്രമണത്തെ നേരിട്ട ശ്രീജനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനായത് കൊണ്ട് മാത്രമാണ് രക്ഷപ്പെടുത്താനായത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തലശേരിയില്‍ ഒരു സമാധാന യോഗം വിളിച്ച ദിവസമാണ് ആര്‍എസ്എസ് ബിജെപി ക്രിമിനല്‍ സംഘം ഈ കൃത്യം നടത്തിയത്. സമാധാന നീക്കങ്ങളെയൊന്നും ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഈ ആക്രമവും.

ഒരു ഭാഗത്ത് ആര്‍ എസ് എസ് നേതൃത്വം സമാധാനത്തെ കുറിച്ച് പറയുകയും മറ്റൊരു ഭാഗത്ത് അക്രമം നടത്താനുള്ള ആയുധം കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ രീതി മാറ്റാന്‍ തയ്യാറാവാത്തിടത്തോളം സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ല. ആര്‍ എസ് എസ് കൊലക്കത്തി താഴെവെച്ചാല്‍ കണ്ണൂരില്‍ സമാധാനം പുലരും. ഈ ആര്‍എസ്എസ് ബിജെപി ക്രിമിനല്‍ സംഘത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്താന്‍ തയ്യാറാവണം.