മുഖ്യമന്ത്രി പ്രസംഗിക്കവെ മൊബൈലില്‍ കളിച്ച ഐ പി എസുകാര്‍ കുടുങ്ങി

Posted on: July 4, 2017 9:30 am | Last updated: July 4, 2017 at 9:31 am

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത സെമിനാറിനിടെ മൊബൈല്‍ ഫോണില്‍ ‘കളിച്ച’ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂണ്‍ 26നാണ് സംഭവം നടന്നത്. ഇതോടനുബന്ധിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ഗെയിം കളിച്ചത്.

സമീപത്തുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപ് എന്നിവരൊത്തുള്ള ചിത്രം കാണുകയായിരുന്നു. മൂന്നാമത്തെയാളാകട്ടെ, ഈ സമയം ഫോണില്‍ സാമൂഹിക മാധ്യമത്തില്‍ ചില ചിത്രങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയുമായിരുന്നു. ഇവരുടെ ‘കൃത്യനിര്‍വഹണം’ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതോടെയാണ് മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതിന് പോലീസ് സേന ശക്തമായി ഇടപെടേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നി മുഖ്യമന്ത്രി സംസാരിക്കവെയാണ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ കളി എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച യൂനിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ഡി ജി പി. പി കെ ഠാക്കൂര്‍, ചീഫ് സെക്രട്ടറി അഞ്ജനി കുമാര്‍ സിംഗ്, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ആമിര്‍ സുഭാനി, മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി ചഞ്ചല്‍ കുമാര്‍ തുടങ്ങിയ ഉന്നതരും ചടങ്ങില്‍ ഉണ്ടായിരുന്നു.