പ്രണാബ് മുഖര്‍ജി തന്നോട് പെരുമാറിയത് സ്വന്തം പിതാവിനെപ്പോലെ: നരേന്ദ്ര മോദി

Posted on: July 3, 2017 1:47 pm | Last updated: July 3, 2017 at 1:47 pm
നരേന്ദ്ര മോദിയും പ്രണാബ് മുഖര്‍ജിയും ചടങ്ങിനിടെ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്ത് നിന്ന് അടുത്തിടെ പടിയിറങ്ങുന്ന പ്രണാബ് മുഖര്‍ജിയെ പ്രശംസകള്‍ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണാബ് മുഖര്‍ജി തന്നെ കാണുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.

രാഷ്ടപതിയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മോദിയുടെ പരാമര്‍ശം. ഹൃദയത്തിനുള്ളില്‍ നിന്നാണ് തന്റെ വാക്കുകള്‍ എന്ന് വ്യക്തമാക്കിയാണ് മോദി പ്രണാബ് മുഖര്‍ജിയെ പ്രശംസകൊണ്ട് മൂടിയത്. പിതാവിന്റെ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് എപ്പോഴും പെരുമാറിയിരുന്നത്. പ്രധാനമന്ത്രിയായി ആദ്യമായി ചുമതലയേറ്റപ്പോള്‍ ആശ്രയിക്കാന്‍ പ്രണാബ് മുഖര്‍ജിയുടെ കരങ്ങള്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണ്. പ്രധാനമന്ത്രിയുടെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് വിശ്രമിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഇപ്പോഴും ഓര്‍മിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതിയെന്ന നിലയില്‍ ഇക്കാര്യം പറയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമൊന്നുമല്ല. ഉള്ളിലെ മനുഷ്യത്വവും നന്മയുമാണ് അദ്ദേഹത്ത ഇത് പറയാന്‍ പ്രേരിപ്പിച്ചതെന്നും മോദി പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ മോദിയെ പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും തടസ്സമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പ്രണാബ് മുഖര്‍ജി: എ സ്റ്റേറ്റ്മാന്‍ എന്ന പുസ്തകമാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തത്.