ഹോള്‍ഡര്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി

Posted on: July 3, 2017 9:14 am | Last updated: July 3, 2017 at 12:41 pm

ആന്റിഗ്വ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. വിന്‍ഡീസ് മുന്നോട്ടുവെച്ച ദുര്‍ബല വിജയലക്ഷ്യമായ 189 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 11 റണ്‍സ് ആള്‍ഔട്ടായി. 49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

അജിങ്ക്യ രഹാനെ, (91 പന്തില്‍ 60), എംഎസ് ധോണി (114 പന്തില്‍ 54) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ അര്‍ധ സെഞ്ച്വറി നേടി. ശിഖര്‍ ധവാന്‍ (അഞ്ച്), വിരാട് കോഹ്‌ലി (മൂന്ന്), ദിനേശ് കാര്‍ത്തിക്ക് (രണ്ട്) കേദാര്‍ ജാദവ് (പത്ത്) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റ്‌സ്മാന്മാമാരുടെ സംഭാവന.അഞ്ച് റണ്‍സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ വീണത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് നിശ്ചിത അന്‍പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 189 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗാണ് വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിനിര്‍ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.

ഓപണര്‍മാരായ എവിന്‍ ലൂയിസും കൈല്‍ ഹോപ്പും ചേര്‍ന്ന് ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 15.2 ഓവറില്‍ സ്‌കോര്‍ 50 കടന്നു. സ്‌കോര്‍ 57ല്‍ നില്‍ക്കെ ഹോപ്പിലൂടെ(35) ആദ്യവിക്കറ്റ് നഷ്ടം. പാണ്ഡ്യയുടെ പന്തില്‍ ജാദവ് പിടിച്ചു. പിന്നീട് ലൂയിസും ഷായ് ഹോപ്പും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് നയിച്ചു. സ്‌കോര്‍ 80ല്‍ നില്‍ക്കെ ലൂയിസ് (35) പുറത്തായി. ഷായ് ഹോപ്പ് (25) റോഷ്ടന്‍ ചേസ് (24), ജേസണ്‍ മുഹമ്മദ് (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയമായി വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 മുമ്പിലാണ്.