Connect with us

Business

ജി എസ് ടി: ആശങ്കയിലായി വിപണി; റബ്ബര്‍ വില ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: കുരുമുളകിന്റെ ലഭ്യത കുറഞ്ഞതോടെ വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തി. റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഷീറ്റ് വില ഉയര്‍ന്നു. വെളിച്ചെണ്ണ മാസാരംഭ ഡിമാന്‍ഡിനെ ഉറ്റുനോക്കുന്നു. സ്വര്‍ണ വില ഉയര്‍ന്നു.
ജി എസ് ടി യെ കുറിച്ചുള്ള ആശങ്കകള്‍ സുഗന്ധ വ്യഞ്ജന വിപണിയില്‍ പിരിമുറുക്കം സൃഷ്ടിച്ചു. വാരത്തിന്റെ ആദ്യപകുതിയില്‍ പിരിമുറുക്കില്‍ വിപണി നീങ്ങിയത് പല ഉത്പന്നങ്ങളെയും ബാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കുരുമുളകിലെ വാങ്ങല്‍ താത്പര്യം വില ഉയര്‍ത്തി. വാരാന്ത്യം കുരുമുളക് 500 രൂപ നേട്ടത്തിലാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 48,900 ലേക്ക് കയറി. ഗാര്‍ബിള്‍ഡ് മുളക് വില 50,900 രൂപയിലും ക്ലോസിങ് നടന്നു. കയറ്റുമതിക്കാര്‍ യുറോപ്യന്‍ ഷിപ്പ്‌മെന്റിന് ടണ്ണിന് 8150 ഡോളറും അമേരിക്കന്‍ കയറ്റുമതിക്ക് 8400 ഡോളറും ആവശ്യപ്പെട്ടു.

രാജ്യാന്തര റബ്ബര്‍ മാര്‍ക്കറ്റ് പ്രതീക്ഷേയാടെയാണ് വര്‍ഷത്തിന്റെ രണ്ടാം പാദത്തെ ഉറ്റ്‌നോക്കുന്നത്. ആദ്യ ആറ് മാസങ്ങളില്‍ റബര്‍ വില 24 ശതമാനം ഇടിഞ്ഞു. പോയവാരം റബ്ബര്‍ ആറ് ശതമാനം ഉയര്‍ന്നത് ഇടപാടുകാരുടെ ആത്മവിശ്വാസം ഉയര്‍ത്തി. ജപ്പാനില്‍ ഒരുമാസത്തെ ഉയര്‍ന്ന റേഞ്ചിലേക്ക് റബ്ബര്‍ വിലയെത്തി. കിലോ 200 യെന്നില്‍ നീങ്ങുന്ന റബ്ബര്‍ 224 യെന്‍ വരെ ഉയരാം. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നതും നിക്ഷേപകരെ റബ്ബറിലേക്ക് ആകര്‍ഷിച്ചു.
കേരളത്തിലെ കര്‍ഷകര്‍ റബ്ബര്‍ ടാപ്പിംഗിന് ഉത്സാഹിച്ചു. ഉത്പാദന രംഗത്തെ മാന്ദ്യം മുലം മുഖ്യ വിപണികള്‍ ഷീറ്റ് ക്ഷാമത്തിലാണ്. റബ്ബര്‍ വില താഴ്ന്ന റേഞ്ചിലാണെങ്കിലും കാലാവസ്ഥ അനുകുലമായത് കര്‍ഷകരെ ആകര്‍ഷിച്ചത്. ലാറ്റക്‌സ് വരവ് വ്യവസായികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാഞ്ഞതിനാല്‍ അവര്‍ നിരക്ക് ഉയര്‍ത്തി. 8500 രൂപയില്‍ നിന്ന് വാരാന്ത്യം ലാറ്റക്‌സ് 8800 ലേക്ക് കയറി. നാലാം ഗ്രേഡ് 12,200 ല്‍ നിന്ന് 12,600 രൂപയായി.
പുതിയ ഏലക്ക വരവ് വൈകിയത് വാങ്ങലുകാരെ ആശങ്കയിലാക്കി. ജൂണ്‍ രണ്ടാം പകുതിയില്‍ പ്രതീക്ഷിച്ച ചരക്ക് വരവ് ഇനിയും ആരംഭിച്ചിട്ടില്ല. ലേല കേന്ദ്രങ്ങളില്‍ ലഭ്യത കുറഞ്ഞത് വില ഉയര്‍ത്താന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചു. വലിപ്പം കൂടി ഏലക്ക കിലോഗ്രാമിന് 1258 രൂപ വരെയെത്തി. വിളവെടുപ്പ് ഊര്‍ജിതമാക്കുന്നതോടെ ആഭ്യന്തര ഡിമാണ്ട് ഉയരും.
ചുക്ക് വിപണിയിലെ പ്രതിസന്ധി തുടരുന്നു. ആഭ്യന്തര വിദേശ വാങ്ങലുകാരുടെ അഭാവം ചുക്കിന്റെ വിലക്കയറ്റത്തിന് തടസമായി. കാര്‍ഷിക മേഖലകളില്‍ നിന്ന് കൊച്ചിലേയ്ക്കുള്ള ചുക്ക് വരവും നാമാത്രമാണ്. മീഡിയം ചുക്ക് 9500 രൂപയിലും ബെസ്റ്റ് ചുക്ക് 11,500 ലും ക്ലോസിങ് നടന്നു.
കയറ്റുമതി മേഖലയില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും ജാതിക്ക, ജാതിപത്രി എന്നിവയ്ക്ക് ആവശ്യകാര്‍ കുറഞ്ഞെങ്കിലും ഉത്പന്ന വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ജാതിക്ക തൊണ്ടന്‍ കിലോ ഗ്രാമിന് 150-180 രൂപ, ജാതിപരിപ്പ് 300-350 രൂപ. ജാതിപത്രി 400-525 രൂപ.
നാളികേരാത്പന്നങ്ങളുടെ വില സ്‌റ്റെഡി. ജി എസ് ടി യെ കുറിച്ചുള്ള ആശങ്കകള്‍ നിമിത്തം കൊപ്രയാട്ട് മില്ലുകാര്‍ ചരക്ക് സംഭരണം കുറച്ചത് ഗ്രാമീണ വിപണികളില്‍ പച്ചതേങ്ങയുടെ വിലക്കയറ്റത്തിനും തടസമായി. മാസാരംഭമായതിനാല്‍ ഈ വാരം വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാന്‍ഡ് ശക്തമാക്കും. എണ്ണ മാര്‍ക്കറ്റ് 12,500 ലും കൊപ്ര 8410 രൂപയിലുമാണ്.
സ്വര്‍ണ വില കയറി. പവന്‍ 21,760 രൂപയില്‍ നിന്ന് 21,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2735 രൂപ. ലണ്ടനില്‍ ഔണ്‍സിന് 1257 ഡോളറില്‍ നിന്ന് 1242 ഡോളറായി.