Connect with us

National

ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥലംമാറ്റം

Published

|

Last Updated

ലക്‌നോ: പോലീസിനോട് തട്ടിക്കയറിയ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത യു പിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രേഷ്ഠ ഠാക്കൂറിനെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തി ജനങ്ങളുടെ അംഗീകാരം നേടിയ ഓഫീസറെ മാറ്റിയത് പാര്‍ട്ടി രാജിന് ഉദാഹരണമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ബുലന്ദ്ശഹറിലാണ് വാഹന പരിശോധനക്കെതിരെ പ്രതിഷേധവുമായെത്തിയ ഒരു സംഘം ബി ജെ പി പ്രവര്‍ത്തകരെ ശ്രേഷ്ഠ ശക്തമായി നേരിട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്യാനാ സര്‍ക്കിളില്‍ നിന്ന് ബഹ്‌റൈച്ചിലേക്കാണ് അവരെ മാറ്റിയത്. 234 പേരെ സ്ഥലം മാറ്റുകയോ തസ്തിക മാറ്റുകയോ ചെയ്ത അഴിച്ചുപണിയുടെ ഭാഗമായാണ് ശ്രേഷ്ഠയുടെ നേരെയുള്ള പ്രതികാര നടപടി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വീര്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രാദേശിക ബി ജെ പി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്ന് ബി ജെ പി ബുലന്ദ്ശഹര്‍ പ്രസിഡന്റ് ഹിമാന്‍ഷു മിത്തല്‍ പറഞ്ഞു.

അവര്‍ക്ക് പൊതുജനത്തിനോട് ഇടപെടാന്‍ അറിയില്ലെന്നും മിത്തല്‍ പറഞ്ഞു. തന്റെ സ്ഥലം മാറ്റം പതിവ് നടപടിയുടെ ഭാഗമണോ രാഷ്ട്രീയ പ്രേരിതമാണോ എന്ന് അറിയില്ലെന്ന് ശ്രേഷ്ഠ പ്രതികരിച്ചു. എന്നാല്‍, തന്റെ സഹപ്രവര്‍ത്തകര്‍ക്കൊന്നും സ്ഥലം മാറ്റമില്ലെന്ന് അവര്‍ പറഞ്ഞു. എന്റെ കുടുംബം ഒരിടത്തും താന്‍ മറ്റൊരിടത്തും ആകുന്ന സ്ഥിതിയുണ്ട്. എന്നാല്‍, അത് പ്രശ്‌നമല്ലെന്ന് അവര്‍ പറഞ്ഞു.
ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ബുലന്ദ്ശഹറിലെ അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ ഠാക്കൂര്‍ ജയിലിലടച്ചിരുന്നു. തങ്ങള്‍ക്ക് മറ്റുള്ളവരുടെ വാഹനം പരിശോധിക്കാനുള്ള അനുമതിയില്ലെന്നുള്ള മുഖ്യമന്ത്രിയുടെ ഉത്തരവുമായി വരൂ. പിന്നെ തങ്ങള്‍ വാഹന പരിശോധന നടത്തില്ല. രാത്രി ഞങ്ങള്‍ കുടുംബത്തെയും ഉപേക്ഷിച്ച് ജോലിക്കെത്തുന്നത് തമാശയായിട്ടല്ലെന്ന് ശ്രഷ്ഠ ഠാക്കൂര്‍ ബി ജെ പി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ നിങ്ങളെ ജനം ബി ജെ പി ഗുണ്ടകളെന്ന് വിളിക്കുമെന്നും അവര്‍ തുറന്നടിച്ചിരുന്നു.

 

---- facebook comment plugin here -----

Latest