Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സ് വിമാനം ഉപയോഗിക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് അനുമതി

Published

|

Last Updated

ദോഹ: ഖത്വര്‍ എയര്‍വേയ്‌സിന്റെ വിമാനവും ജീവനക്കാരെയും ഉപയോഗിക്കാന്‍ ബിട്ടീഷ് എയര്‍വേയ്‌സിന് ബ്രിട്ടീഷ് അധികൃതര്‍ അനുമതി നല്‍കി. ഖത്വര്‍ എയര്‍വേയ്‌സിന്റെ ഒമ്പത് വിമാനങ്ങളും ജീവനക്കാരെയും ഉപയോഗിക്കാനാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അനുമതി തേടിയത്. ബ്രിട്ടന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉപദേശപ്രകാരമാണ് ഗതാഗത വകുപ്പ് തീരുമാനം കൈക്കൊണ്ടതെന്ന് വക്താവ് അറിയിച്ചു.
ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ഒരു സംഘം കാബിന്‍ ജീവനക്കാര്‍ പണിമുടക്കുന്ന പശ്ചാത്തലത്തിലാണ്. ദീര്‍ഘ- ഹ്രസ്വ റൂട്ടുകളിലെല്ലാം ജീവനക്കാര്‍ പണിമുടക്കുന്നുണ്ട്. ജൂലൈ ഒന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് പണിമുടക്ക്. വേതനം സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കത്തില്‍ തൊഴിലാളി യൂനിയന്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ജൂലൈ ഒന്ന് മുതല്‍ 16 വരെ ഖത്വര്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് എയര്‍ ബസ് എ320 അല്ലെങ്കില്‍ എ321 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വേയ്‌സ് ബ്രിട്ടന്റെ വ്യോമയാന അതോറിറ്റിക്ക് ജൂണ്‍ 21ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സവിശേഷ സാഹചര്യമായാല്‍ ലീസ് അനുവദിക്കണമെന്നാണ് ആവശ്യം. രണ്ടാഴ്ചത്തേക്കുള്ള സര്‍വീസ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഖത്വറിര്‍ എയര്‍വേയ്‌സിന് പണം നല്‍കും. നാല് അറബ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സര്‍വീസ് നടത്താത്ത വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഖത്വര്‍ എയര്‍വേയ്‌സിനുള്ളത്.

ഖത്വര്‍ എയര്‍വേയ്‌സും ബ്രിട്ടീഷ് എയര്‍വേയ്‌സും നേരത്തെ തന്നെ നിരവധി പങ്കാളിത്ത കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വണ്‍ വേള്‍ഡ് സഖ്യം, ചില വിമാനങ്ങളുടെ കോഡ് ഷെയര്‍ എന്നീ പങ്കാളത്തത്തിന് പുറമെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മാതൃ കമ്പനിയായ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പില്‍ 20 ശതമാനം ഓഹരിയും ഖത്വര്‍ എയര്‍വേയ്‌സിനുണ്ട്. സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്.