നൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍ ദുബൈ കടലില്‍ ദുരിതത്തില്‍

Posted on: July 2, 2017 4:17 pm | Last updated: July 2, 2017 at 4:17 pm

ദുബൈ: യു എ ഇ കടലില്‍ അകപ്പെട്ട 100ഓളം ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുണക്കയെത്തുന്നു. 22 കപ്പലുകളില്‍ അകപെട്ടവരായ 97 തൊഴിലാളികളുടെ സുരക്ഷാ വിഷയങ്ങള്‍ തങ്ങള്‍ കൈകാര്യം ചെയ്തു വരുന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ശര്‍മ്മ പറഞ്ഞു.

എന്നാല്‍ കപ്പലുകളില്‍ അകപ്പെട്ട ശ്രീലങ്ക, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യക്കാരായ തൊഴിലാളികളുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. സാലറി ലഭിക്കാതിരിക്കുക, ഭക്ഷണ ലഭ്യത കുറവ്, ശുദ്ധ ജല ദൗര്‍ലഭ്യം, ഇന്ധനമില്ലായ്മ, പ്രതികൂല കാലാവസ്ഥ, കരാര്‍ കാലാവധി കഴിഞ്ഞിട്ടും തൊഴിലുടമ വേതനം നല്കാതിരിക്കുന്നതിലൂടെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിരവധി മാസത്തെ വേതനം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ കൗസുലേറ്റ് അധികൃതരോട് പരാതി പെട്ടിരുന്നു.വേതനം ലഭിച്ചാല്‍ കരാര്‍ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിക്കുവാനാണ് തൊഴിലാളികളുടെ താല്‍പര്യമെന്ന് അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികളുടെ രക്ഷക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോലിക്കാര്‍ ദുരിതമനുഭവിക്കുന്ന കപ്പലുകളുടെ ഉടമകളോട് തങ്ങള്‍ ബന്ധപെട്ടു വരികയാണ്. കുടിശ്ശികയുള്ള വേതനം തീര്‍ക്കുക, തൊഴിലാളികള്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും കപ്പലിലെ ഇന്ധനവും എത്തിക്കുക, കരാര്‍ അവസാനിപ്പിച്ചു തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ത്വരിത നടപടികള്‍ കൈക്കൊള്ളുക എന്നിവക്ക് തൊഴില്‍ ഉടമകളോട് ആവശ്യപ്പെട്ടതായി കോണ്‍സുല്‍ ജനറല്‍ വിപുല്‍ ശര്‍മ്മ അറിയിച്ചു.