Connect with us

Kerala

പുതിയ മദ്യനയം നിലവില്‍ വന്നു; ബാറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്നതോടെ ഇന്നലെ ലൈസന്‍സ് നല്‍കിയ 12 ബാറുകള്‍ ഉള്‍പ്പെടെ 80 ബാറുകള്‍ ഇന്ന് തുറക്കും. നേരത്തേ 68 ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം നൂറായി ഉയരും. പഞ്ചനക്ഷത്ര ഹോട്ടലുകളായ 20 ഇടങ്ങളില്‍ നേരത്തേ തന്നെ ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്നലെ മദ്യനയം നിലവില്‍ വന്നിരുന്നെങ്കിലും ഒന്നാം തീയ്യതി ആയതിനാല്‍ ബാറുകള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല.നേരത്തേ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് വരെ (2014 മാര്‍ച്ച് 31) പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.

പുതുതായി ലൈസന്‍സ് ലഭിച്ച ബാറുകളടക്കം എറണാകുളത്താണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബാറുകളുള്ളത്. എട്ട് പഞ്ചനക്ഷത്ര ബാറുകള്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ, 21 ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് അനുവദിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 ലൈസന്‍സുകള്‍ പുതുക്കിനല്‍കിയപ്പോള്‍ പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇതുവരെ ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ ആരും സമര്‍പ്പിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഇപ്പോള്‍ ആകെ 17 ബാറുകള്‍ ഉണ്ട്. ആലപ്പുഴ (2), കണ്ണൂര്‍ (8), കോട്ടയം (7), മലപ്പുറം (4), പാലക്കാട് (6), വയനാട് (2), ഇടുക്കി (1),കൊല്ലം (3), കോഴിക്കോട് (5), തൃശ്ശൂര്‍ (9) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ലൈസന്‍സ് ലഭിച്ച ഹോട്ടലുകളുടെ എണ്ണം.എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് അപേക്ഷകള്‍ കൂടി എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്.