പള്ളിക്കല്‍ ബസാറില്‍ സുന്നി പ്രവര്‍ത്തകരെ അക്രമിച്ച കേസ്; മുഖ്യപ്രതിയായ ലീഗ് നേതാവ് അറസ്റ്റില്‍

Posted on: June 30, 2017 10:51 pm | Last updated: June 30, 2017 at 10:51 pm

തിരൂരങ്ങാടി: പള്ളിക്കല്‍ ബസാര്‍ മസ്ജിദില്‍ നിസ്‌കരിക്കാനെത്തിയ സുന്നി പ്രവര്‍ത്തകരെ അക്രമിച്ച് മാരകമായി പരുക്കേല്‍പിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മുസ്‌ലിംലീഗ് നേതാവും പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ പി മുസ്തഫ തങ്ങളെ(41)യാണ് കൊയിലാണ്ടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ തിരൂരങ്ങാടി സി ഐ. വി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 14ന് വൈകിട്ട് പള്ളിക്കല്‍ ബസാര്‍ ജുമുഅത്ത് പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ സുന്നി പ്രവര്‍ത്തകരെ മുസ്‌ലിംലീഗ്-ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിക്കുകയും ഒമ്പത് സുന്നി പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പോലീസിന് നേരെയും മുസ്തഫ തങ്ങളുടെ നേതൃത്വത്തില്‍ കല്ലെറിയുകയും അതിക്രമം കാണിക്കുകയും ചെയ്തു. കൂടാതെ പ്രദേശത്തെ സുന്നി പ്രവര്‍ത്തകരുടെ കോഴിക്കട, മത്സ്യ മാര്‍ക്കറ്റ് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് മുസ്തഫ തങ്ങള്‍. ഇക്കഴിഞ്ഞ ചെറിയ പെരുന്നാള്‍ തലേന്ന് രാത്രിയില്‍ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മുസ്തഫ തങ്ങളായിരുന്നു. നാല് സുന്നി പ്രവര്‍ത്തകര്‍ക്കാണ് അന്ന് പരുക്കേറ്റത്.

മുന്‍കൂര്‍ ജാമ്യത്തിനായി ഇയാളും മറ്റു പ്രതികളും രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം പിടികൂടുകയായിരുന്നു. ഗുജറാത്ത് ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളിലും ഇയാള്‍ അറസ്റ്റ് ‘ഭയന്ന് ഒളിവില്‍ കഴിഞ്ഞതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മുസ്‌ലിം ലീഗ് നേതാവായ ഇയാള്‍ രാഷ്ട്രീയ ലാഭത്തിനായി പള്ളിയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഇരു വിഭാഗം സുന്നികളും സംയുക്തമായി നടത്തുന്ന പള്ളിക്കല്‍ ബസാര്‍ ജുമുഅത്ത് പള്ളി വ്യാജരേഖ ചമച്ചു പിടിച്ചടക്കാന്‍ ചേളാരി ലീഗ് കൂട്ടുകെട്ട് ശ്രമിച്ചു വരികയായിരുന്നു. തുടര്‍ന്ന് വഖ്ഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മഹല്ല് ഭരണം പിടിച്ചടക്കാന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരഞ്ഞെടുപ്പിലും കൃത്രിമം കാണിച്ചു. ഇത് തെളിഞ്ഞതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദ് ചെയ്യുകയാണുണ്ടായത്. പിന്നീട് ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ നാല് മധ്യസ്ഥമാര്‍ക്ക് ഭരണ ചുമതല കൈമാറി. എന്നാല്‍ രാഷ്ടീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ആര്‍ ഡി ഒ ഈ മധ്യസ്ഥന്‍മാര്‍ പോലും അറിയാതെ അതീവ രഹസ്യമായി പള്ളിയുടെ താക്കോല്‍ ചേളാരി വിഭാഗത്തിന് കൈമാറുകയായിരുന്നു.