നോട്ടു നിരോധനം പോലെ മുന്നൊരുക്കമില്ലാതെയാണ് ജിഎസ്ടി നടപ്പിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്: രാഹുല്‍ ഗാന്ധി

Posted on: June 30, 2017 8:55 pm | Last updated: June 30, 2017 at 10:20 pm

ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോഡി സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ജി.എസ്.ടി പാതി വെന്ത നിലയില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം പോലെയായിരിക്കും ജി.എസ്.ടിയും എന്നും രാഹുല്‍ കുറ്റപ്പെടുത്തി. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ടു നിരോധനം പോലെതന്നെ ഒരു മുന്നൊരുക്കവും കൂടാതെയാണ് ജി.എസ്.ടിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും വേദനയും ഉത്കണ്ഠയും വകവെയ്ക്കാതെയാണ് ജി.എസ്.ടി നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.