Connect with us

Gulf

ട്രാവല്‍ സൈറ്റുകള്‍ വഴി എടുത്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് വന്‍തുക നഷ്ടമാകുന്നു

Published

|

Last Updated

ദോഹ: ഉപരോധത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയത് ട്രാവല്‍ സൈറ്റുകള്‍ വഴി ടിക്കറ്റെടുത്തവര്‍ക്ക് വന്‍ തുക നഷ്ടപ്പെടുത്തുന്നു. ടിക്കറ്റ് റദ്ദാക്കുന്നതിന് പകുതിയിലധികം തുകയാണ് മിക്ക പോര്‍ട്ടലുകളും ഈടാക്കുന്നത്. വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന റദ്ദാക്കലുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്ന് നിബന്ധനകളില്‍ ഉണ്ടായിരുന്നുവെന്നാണ് മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ ആവശ്യപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നല്‍കുന്ന വിശദീകരണം. പുറം കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലുകള്‍ വഴി വിറ്റഴിച്ച ടിക്കറ്റുകളിന്‍മേല്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടിലാണ് വിമാന കമ്പനികള്‍.
സെപ്തംബറില്‍ നാട്ടില്‍ നിന്നു തിരിച്ചു വരുന്നതിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ 18000 രൂപ നിരക്കില്‍ എടുത്ത ടിക്കറ്റ് റദ്ദാക്കാന്‍ ആവശ്യപ്പട്ടപ്പോള്‍ 8,000 രൂപ മാത്രമേ തിരിച്ചു നല്‍കൂ എന്നാണ് ബുക്കിംഗ് സൈറ്റായ ചീപ്പ് ടിക്കറ്റ് ഡോട്ട് ഇന്‍ അറിയിച്ചതായി ചാവക്കാട് സ്വദേശി ഇസ്മാഈല്‍ പറഞ്ഞു. മറ്റു വിമാനങ്ങളില്‍ യാത്രാ സൗകര്യമൊരുക്കിയാല്‍ മതിയെന്നും അധികം വരുന്ന ടിക്കറ്റ് നിരക്ക് വഹിക്കാമെന്നും അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് നിരക്കില്‍ ഇളവു കണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്ന് ടിക്കറ്റ് പര്‍ച്ചേസ് ചെയ്തവരാണ് കുടുങ്ങിയത്. ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ നിരവധി ഫ്‌ളൈറ്റ് ബുക്കിംഗ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം പേര്‍ ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്നു. വിമാന കമ്പനികളില്‍നിന്നും നേരത്തേ മൊത്തമായി പര്‍ച്ചേസ് ചെയ്യുന്ന ടിക്കറ്റുകളാണ് ഇവര്‍ പോര്‍ട്ടകലുകള്‍ വഴി വിറ്റഴിക്കുന്നതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ടാണ് യഥാര്‍ഥ നിരക്ക് ഉയര്‍ന്ന സമയത്തും ഇത്തരം പോര്‍ട്ടലുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നത്. എന്നാല്‍, ടിക്കറ്റ് വില്‍പ്പനക്കു ശേഷമുള്ള ഒരു സര്‍വീസും ഇത്തരം പര്‍ച്ചേസുകള്‍ക്ക് ലഭിക്കില്ല. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ്, ഹാന്‍ഡ്‌ലിംഗ് ഫീ ഇനത്തില്‍ വന്‍ തുക ഈടാക്കും. ചിലത് തീരേ റീഫണ്ടിംഗ് ഇല്ലാത്തവയുമാണ്. ഇത്തരം ടിക്കറ്റുകള്‍ക്കും തുക മടക്കിക്കൊടുക്കാന്‍ വിമാന കമ്പനികള്‍ തയാറാകുമ്പോഴാണ് ബുക്കിംഗ് പോര്‍ട്ടലുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത്.

അതേസമയം, വിമാന കമ്പനിയുടെ വെബ്‌സൈറ്റുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്തവര്‍ക്കും ട്രാവല്‍സുകളില്‍ നിന്ന് ടിക്കറ്റ് എടുത്തവര്‍ക്കും മുഴുവന്‍ സംഖ്യയും തിരിച്ചു നല്‍കുന്നുണ്ടെന്ന് ദോഹയിലെ അക്ബര്‍ ട്രാവല്‍സ് പ്രതിനിധി ശംസീര്‍ പറഞ്ഞു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്കെല്ലാം മുഴുവന്‍ സംഖ്യയും തിരിച്ചു നല്‍കാന്‍ വിമാനക്കമ്പനികള്‍ തയാറാകുന്നുണ്ട്. യാത്രക്ക് കൂടുതല്‍ സമയമുള്ളവരോട് കുറച്ചുകൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഏതു തിയതിയിലെ യാത്രയാണെങ്കിലും ആവശ്യക്കാര്‍ക്ക് തുക തിരിച്ചു നല്‍കാനാണ് എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള യു എ ഇ വിമാനങ്ങള്‍ നല്‍കിയ നിര്‍ദേശം. അതേസമയം, ഈജിപ്ത് എയര്‍ തിയതി നിശ്ചയിച്ചാണ് ടിക്കറ്റ് റദ്ദാക്കല്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനില്‍ എടുത്ത ടിക്കറ്റുകള്‍ ഇപ്പോഴും കണ്‍ഫേം ആണെന്നു പറയുന്ന ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികള്‍ പക്ഷേ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചില്ലെങ്കില്‍ ബദല്‍ സംവിധാനം എന്തായിരിക്കും എന്നതു സംബന്ധിച്ച് പ്രതികരിക്കുന്നില്ല. നിരക്കിളവില്‍ ആകൃഷ്ടരായി വിവിധ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിവരം. ഉപരോധത്തെത്തുടര്‍ന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, സഊദി എയര്‍ലൈന്‍, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വമാനങ്ങളാണ് ദോഹയില്‍ നിന്നും സര്‍വീസ് നിര്‍ത്തി വെച്ചത്.

Latest