നടി ആക്രമിക്കപ്പെട്ട സംഭവം: നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഡിജിപി

Posted on: June 30, 2017 10:50 am | Last updated: June 30, 2017 at 5:54 pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍.

ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് ഒരു കാര്യവും അറിയുന്നില്ലെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇന്ന് പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കേയാണ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വിമര്‍ശിച്ച് പോലീസ് മേധാവി തന്നെ രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസം ദിലീപ്, നാര്‍ദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ്. അന്വേഷണ സംഘത്തിലെ മറ്റൊരു ഐജിയായ പി.വിജയനും ഇക്കാര്യങ്ങളൊന്നും അറിയുന്നില്ല. ഇത് ശരിയല്ലെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നുമാണ് ഡിജിപിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയാണ്. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച സെന്‍കുമാറിന്റെ സര്‍ക്കുലറില്‍ എഡിജിപി ബി. സന്ധ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ല.