നടിക്കു പിന്തുണ നല്‍കും; അമ്മയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ

Posted on: June 29, 2017 8:49 pm | Last updated: June 29, 2017 at 8:49 pm

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മലയാള സിനിമയിലെ വനിതകളുടെ സംഘടന ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്'(ഡബ്ല്യുസിസി). വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി വനിതാ കമ്മിഷന് പരാതി നല്‍കും. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിവുണ്ടെന്നും വനിതാകൂട്ടായ്മ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന ‘അമ്മ’ ജനറല്‍ബോഡി യോഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കിലൂടെയാണ് സംഘടന നിലപാട് പ്രസിദ്ധീകരിച്ചത്.

ഞങ്ങളുടെ അംഗവും സഹപ്രവര്‍ത്തകയും ഉള്‍പ്പെട്ട കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് ആയതിനാല്‍ വിഷയം ഉന്നയിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ചചെയ്യേണ്ട കേസാണിതെന്ന് കരുതുന്നില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സംഘടനയെന്ന നിലയില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണ നല്‍കുമെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.