ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചതിന് ഒരാളെ തല്ലിക്കൊന്നു

Posted on: June 29, 2017 7:43 pm | Last updated: June 30, 2017 at 10:17 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചതിന് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. രംഗഡ് ജില്ലയിലെ അലീമുദ്ദീന്‍ എന്നയാളെയാണ് തല്ലിക്കൊന്നത്. ജാര്‍ഖണ്ഡിലെ ബജാര്‍ന്റ് ഗ്രാമത്തിന് സമീപം വച്ച് ഒരു സംഘം ആളുകള്‍ അന്‍സാരി സഞ്ചരിച്ച മാരുതി വാന്‍ തടയുകയും അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കൊലയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വാഹനം കത്തിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞതായും എഡിജിപി ആര്‍.കെ. മാലിക് പറഞ്ഞു.

ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് വീണ്ടും ഗോ രക്ഷയുടെ പേരില്‍ കൊലപാതകം നടന്നത്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജാര്‍ഖണ്ഡില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പശുവിന്റെ തല കണ്ടുവെന്ന് പറഞ്ഞത് ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസം ഒരാളുടെ വീടിന് തീയിടുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.