ഒറ്റക്കെട്ടെന്ന് അമ്മ: ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ല

വാര്‍ത്താസമ്മേളനത്തില്‍ ക്ഷുഭിതരായി മുകേഷും ഗണേഷ് കുമാറും
Posted on: June 29, 2017 4:29 pm | Last updated: June 29, 2017 at 8:01 pm

കൊച്ചി: ആര് ശ്രമിച്ചാലും അമ്മ സംഘടനയെ പൊളിക്കാനാകില്ലെന്നും ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗണേശ്കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും ഞങ്ങളുടെ മക്കളാണ്. ഇവരുടെ കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പരസ്യപ്രസ്താവനകള്‍ നടത്താതിരുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നടന്‍ മുകേഷും ഗണേഷ് കുമാറും ദേവനും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തെ മനപ്പൂര്‍വം കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നുമുള്ള ചോദ്യമാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നിങ്ങള്‍ പറയുകയെന്നും മുകേഷ് ചോദിച്ചു. വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒരു ചോദ്യത്തോടും പ്രതികരിച്ചില്ല.