ലോകചാമ്പ്യന്‍മാരെ തടയാന്‍ മെക്‌സിക്കോ

രാത്രി 10.30ന് സോണി സിക്‌സില്‍ തത്സമയം
Posted on: June 29, 2017 10:43 am | Last updated: June 29, 2017 at 12:20 pm

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ രണ്ടാം സെമിയില്‍ ഇന്ന് ജര്‍മനി-മെക്‌സിക്കോ പോരാട്ടം. ലോകചാമ്പ്യന്‍മാരായ ജര്‍മനിക്ക് ഭീഷണി ഉയര്‍ത്താന്‍ പോന്ന നിരയാണ് മെക്‌സിക്കോയുടേത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ടീമും ഏഴ് വീതം പോയിന്റ് നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ അപരാജിതരാണ് ജര്‍മനിയും മെക്‌സിക്കോയും. രണ്ട് ജയവും ഒരു സമനിലയുമാണ് ഗ്രൂപ്പില്‍ ഇവരുടെ പ്രകടനം.
ലോകചാമ്പ്യന്‍മാരായ ജര്‍മനിക്ക് ഇടക്കാലത്ത് സംഭവിച്ച ഫോം നഷ്ടം വീണ്ടെടുക്കാനുള്ള വേദിയാണ് കോണ്‍ഫെഡറേഷന്‍സ് കപ്പ്. അടുത്ത വര്‍ഷം റഷ്യയില്‍ ലോകകപ്പ് നടക്കാനിരിക്കുന്നു. നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന വിശേഷണം ജോക്വം ലോയുടെ സ്‌ക്വാഡിന് അലങ്കാരം മാത്രമല്ലെന്ന് തെളിയിക്കേണ്ടതുണ്ട്.
ടീമിലെ സീനിയര്‍ താരങ്ങളെ കൂടാതെയാണ് ജര്‍മന്‍ കോച്ച് റഷ്യയില്‍ ടൂര്‍ണമെന്റിനെത്തിയത്. ഭാവിയിലേക്കുള്ള നിരയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോയുടെ നീക്കം.
എന്നാല്‍, മെക്‌സിക്കോ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോരിയോ മികച്ച ലൈനപ്പുമായാണ് എത്തിയത്. കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ജേതാക്കളായ മെക്‌സിക്കോ കിരീടം ലക്ഷ്യമിടുന്നു. ക്യാപ്റ്റന്‍ ആന്ദ്രെസ് ഗോര്‍ഡാഡോക്ക് സസ്‌പെന്‍ഷന്‍ കാരണം ഇന്ന് കളിക്കാനാകില്ല.
ജര്‍മനിയും മെക്‌സിക്കോയും 2005 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ജര്‍മനിയുടെ അസിസ്റ്റന്റ്‌കോച്ചായിരുന്നു ജോക്വം ലോ.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫിലായിരുന്നു കൊമ്പുകോര്‍ക്കല്‍. ജര്‍മനി 4-3ന് ജയിച്ചു. ലുകാസ് പൊഡോള്‍സ്‌കി, ബാസ്റ്റിയന്‍ ഷൈ്വന്‍സ്റ്റിഗര്‍ എന്നിവരായിരുന്നു ജര്‍മനിക്കായി മികച്ചു നിന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പ് ജൂണ്‍ 29നായിരുന്നു ആ മത്സരം. ഇന്ന് മറ്റൊരു ജൂണ്‍ 29ന് ഇവര്‍ നേര്‍ക്കുനേര്‍ വരുന്നത് യാദൃച്ഛികതയായി.
പിറകില്‍ നിന്ന് തിരിച്ചുവരവ് നടത്തുന്നതില്‍ മെക്‌സിക്കോ മിടുക്ക് തെളിയിച്ച ടൂര്‍ണമെന്റാണിത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും ഒരു ഗോളിന് പിറകില്‍ പോയതിന് ശേഷമാണ് മെക്‌സിക്കോ തിരിച്ചുവരവ് നടത്തിയത്.
പോര്‍ച്ചുഗലിനെതിരെ ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് സമനില പിടിച്ചത് (2-2). 2-1 മാര്‍ജിനില്‍ ന്യൂസിലാന്‍ഡിനെയും റഷ്യയേയും തോല്‍പ്പിച്ചപ്പോഴും ആദ്യം ഗോള്‍ വഴങ്ങി.
അപരാജിതരായി ജര്‍മനി പതിമൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കുന്നു. ഇതില്‍ പത്ത് ജയവും മൂന്ന് സമനിലകളും. ജര്‍മനിയുടെ അവസാന തോല്‍വി 2016 യൂറോ കപ്പ്‌സെമിഫൈനലില്‍ ഫ്രാന്‍സിനോടായിരുന്നു (2-0).