Connect with us

Kerala

ജനകീയ മെട്രോ യാത്ര: യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസാണ് കേസെടുത്തത്.

യാത്രയില്‍ മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമായിരുന്നു പരാതി. മെട്രോ നിയമം 62 വകുപ്പ് പ്രകാരമാണ് കേസ്. മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ജനകീയ യാത്ര സംഘടിപ്പിച്ചത്.

യാത്രയില്‍ മെട്രോ പരസ്യമായി ചട്ടങ്ങള്‍ ലംഘിച്ചതായി കെഎംആര്‍എല്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ കൂടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹ്‌നാന്‍, കെ ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളാണ് യാത്രയില്‍ പങ്കെടുത്തത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, ട്രെയിനിലും പരിസരത്തും പ്രകടനം നടത്തി തുടങ്ങിയ ഗുരുതരമായ നിയമലംഘനം നടന്നതായാണ് അന്വേഷണ സമിതി കണ്ടെത്തിയത്.

സ്‌റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങളും സമിതി പരിശോധിച്ചിരുന്നു. യാത്ര വിവാദമായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം പോലീസ് കേസെടുത്തതിനെ ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയതു. നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest