വയനാട് ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Posted on: June 27, 2017 11:50 pm | Last updated: June 27, 2017 at 11:50 pm

താമരശ്ശേരി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ചുരം ഒമ്പതാം വളവിനും വ്യൂ പോയിന്റിനും ഇടയിലായിരുന്നു സംഭവം.
പതിനഞ്ച് മീറ്ററോളം ഉയരത്തിലുള്ള പാറക്കെട്ടുകളും വലിയ മരവും ഉള്‍പ്പെടെയാണ് റോഡിലേക്ക് പതിച്ചത്. ഇതോടെ ചുരത്തിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വയനാട്ടിലേക്ക് പോവുകയായിരുന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ അരമണിക്കൂറിലേറെ ചുരത്തില്‍ കുടുങ്ങി. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും അടിവാരം ചുരം സംരക്ഷണ സമിതിയും പോലീസും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയാണ് മന്ത്രിയുടെ വാഹനം കടത്തി വിട്ടത്.
തുടര്‍ന്ന് ഗതാഗതം തടഞ്ഞ ശേഷം ജെ സി ബി യും ടിപ്പറും എത്തിച്ച് പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒന്നര മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അപ്പോഴേക്കും ചുരം പൂര്‍ണമായും വയനാട് ഭാഗത്തേക്ക് കിലോമീറ്ററുകളും വാഹനങ്ങള്‍ നിരന്നിരുന്നു.
റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെയുമായി വയനാട്ടിലേക്ക് പോവുകയായിരുന്ന പോലീസ് സംഘവും മണിക്കൂറുകള്‍ ചുരത്തില്‍ കുടുങ്ങി. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സന്നാഹത്തോടെയാണ് രൂപേഷിനെ ചുരം കയറ്റിയത്.
ചുരത്തിലെ ഗതാഗതക്കുരുക്ക് രാത്രി വരെ തുടര്‍ന്നു. താമരശ്ശേരി ട്രാഫിക് പോലീസും അടിവാരം ചുരം സരംക്ഷണ സമിതി പ്രവര്‍ത്തകരും രാവിലെ മുതല്‍ രാത്രി ഏറെ വൈകിയും ഗതാഗതം നിയന്ത്രിച്ചു.
തിങ്കളാഴ്ച ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപം മരം കടപുഴകി വീണ് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അടിവാരം ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിലെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴാനും പാറക്കെട്ടുകള്‍ താഴേക്ക് പതിക്കാനും സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ഭീതിയിലാണ്. മഴ കനത്തതിനാല്‍ ചുരം വഴിയുള്ള യാത്രയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും മുന്നറിയിപ്പ് നല്‍കുന്നു.