ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാന്‍ ധാരണ

Posted on: June 27, 2017 1:29 pm | Last updated: June 27, 2017 at 1:45 pm

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല. ട്രംപുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി ട്രംപിനെ കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കാനും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ആഗോള ഭീകരതക്കെതിരായ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളുടെയും പ്രഥമ പരിഗണനയെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനൊപ്പം ഭീകരരുടെ അഭയസ്ഥാനങ്ങള്‍ കണ്ടെത്തി ഉന്‍മൂലനം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നല്‍കും. ഇന്തോ-പസഫിക് മേഖലയില്‍സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൂഴിക്കാഴ്ചയില്‍ 200 കോടി ഡോളറിന്റെ ഡ്രോണ്‍ ഇടപാടില്‍ മോദി ഒപ്പുവെച്ചിരുന്നു.