ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി

Posted on: June 27, 2017 10:37 am | Last updated: June 27, 2017 at 3:24 pm

കോഴിക്കോട്: കരം അടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് പോലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി വൈകി പേരാമ്പ്ര സിഐക്ക് മുമ്പിലാണ് ഇയാള്‍ കീഴടങ്ങിയത്. ആത്മഹത്യാപ്രേരണക്കുറ്റം അടക്കമുള്ളവ സിലീഷിനെതിരെ ചുമത്തിയിട്ടുണ്ട്. സിലീഷിനെ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിന് മുമ്പിലാണ് ചക്കിട്ടപാറ കാവില്‍പുരയിടത്തില്‍ ജോയ് എന്ന തോമസ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാതെ നിരന്തരം അവഗണിച്ചതിന്റെ തുടര്‍ന്നായിരുന്നു ജോയിയുടെ ആത്മഹത്യ. ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സിലീഷിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. സംഭവത്തില്‍ സിലീഷിന് പുറമേ വില്ലേജ് ഓഫീസര്‍ സണ്ണിയെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.