ഉമ്മന്‍ ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര; കെഎംആര്‍എല്‍ നിയമനടപടിക്ക്

Posted on: June 26, 2017 4:28 pm | Last updated: June 27, 2017 at 2:06 pm

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന് കെഎംആര്‍എല്‍. ജനകീയ യാത്രയില്‍ മെട്രോ പരസ്യമായി ചട്ടങ്ങള്‍ ലംഘിച്ചതായി കെഎംആര്‍എല്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അതേസമയം, നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കുമെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയിട്ടില്ല.

ഉമ്മന്‍ ചാണ്ടിയെ കൂടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹ്‌നാന്‍, കെ ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളാണ് ജനകീയ യാത്രയില്‍ പങ്കെടുത്തത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, ട്രെയിനിലും പരിസരത്തും പ്രകടനം നടത്തി തുടങ്ങിയ ഗുരുതരമായ നിയമലംഘനം നടന്നതായാണ് അന്വേഷണ സമിതി കണ്ടെത്തിയത്. സ്റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങളും സമിതി പരിശോധിച്ചിരുന്നു.

മെട്രോ നയം അനുസരിച്ച് മെട്രോക്കുള്ളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും പ്രകടനം നടത്തുന്നതും ആയിരം രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ. മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ യാത്ര സംഘടിപ്പിച്ചത്. യാത്ര വിവാദമായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചിരുന്നു.