Connect with us

Kerala

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഐജി

Published

|

Last Updated

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ പുതുതായി സ്ഥാപിച്ച കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഐജി മനോജ് എബ്രഹാം. ഇത് സംബന്ധിച്ച് കേരള പോലീസിലെ ഒരു സംഘം ഇന്ന് ആന്ധ്രയിലേക്ക് പോകും. പിടിയിലായവര്‍ ദ്രാവകമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. ഇത്തരമൊരു ആചാരം ആന്ധ്രയില്‍ നിലവിലുണ്ടെന്നും ഐജി വ്യക്തമാക്കി. പിടിയിലായവരെ ചോദ്യം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. കേന്ദ്ര ഇന്റലിജന്‍സും റോയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പിടിയിലായ ആന്ധ്രാപ്രദേശ് സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കൊടിമരത്തില്‍ ദ്രാവകമൊഴിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്റെ ഭാഗമായാണെന്നുമാണ് മൊഴി.

കൊടിമരത്തില്‍ കേടുപാട് വരുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മൂന്ന് പേര്‍ കൊടിമരത്തിലേക്ക് ദ്രാവകം ഒഴിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദ്രാവകം ഒഴിച്ചതിനെ തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഏതോ രാസദ്രാവകം ഒഴിച്ചതായി മനസ്സിലായത്.

കൊടിമരം നിര്‍മിച്ച ശില്‍പ്പിയും മറ്റ് ജോലിക്കാരും സന്നിധാനത്തു തന്നെയുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. ഉച്ചപൂജക്ക് ശേഷം ഭക്തര്‍ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്.

Latest