മരുന്ന് കലക്കിയ പാല്‍ വ്യാപകമാകുന്നു

Posted on: June 25, 2017 11:00 pm | Last updated: June 25, 2017 at 10:00 pm

പാലക്കാട്: സംസ്ഥാനത്ത് മരുന്ന് കലക്കിയ പാല്‍ വ്യാപകമാവുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ ബ്രാന്‍ഡുകളില്‍ ചിലതിലാണ് ഇത്തരം മായം. പാല്‍ കേടാകാതിരിക്കാനും കൊഴുപ്പു കൂട്ടാനും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ഔഷധ പ്രയോഗം നടക്കുന്നതായാണ് വിവരം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍പാക്കറ്റുകള്‍ ദിവസങ്ങളോളം എടുത്ത് വെച്ചാലും കേട് വരില്ല. അതേസമയം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മില്‍മ പോലുള്ള പാല്‍ വേഗത്തില്‍ കേട് വരുന്നത് അതില്‍ ഇത്തരം മാലിന്യം ഇല്ലാത്തത് കൊണ്ടാണ്.
പാലില്‍ മരുന്ന് ചേര്‍ത്തിയത് മൂലമാണ് ദീര്‍ഘസമയം സൂക്ഷിക്കാനാകുന്നതത്രെ. പാല്‍ പരിശോധനക്കായി സംസ്ഥാനത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ നാല് റീജ്യനല്‍ ലബോറട്ടറികളുണ്ട്. കൂടാതെ 14 ജില്ലാ ലബോറട്ടറികളും. ഒരു ദിവസം 15 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് ഗുണനിലവാരം ഉറപ്പുവരുത്താനായി ക്ഷീര വികസന വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചു കാണുന്നില്ലെന്നാണ് ആരോപണം.

സംസ്ഥാനത്തെ ഉപഭോഗത്തിനനുസൃതമായി പാല്‍ ലഭിക്കാതെ വന്നതോടെ ഇതരസംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലക്ഷക്കണക്കിന് ലിറ്റര്‍ പാല്‍ ടാങ്കര്‍ ലോറികളിലും കവറുകളിലും നിറച്ച് അതിര്‍ത്തി കടന്ന് ദിവസേന സംസ്ഥാനത്തെത്തുന്നത്. കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍, അസിഡിറ്റി, പാലില്‍ ചേര്‍ത്തിട്ടുള്ള മായം, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസറുകള്‍ തുടങ്ങിയവ കണ്ടെത്താനുള്ള ഒരു പരിശോധനയും ചെക്ക് പോസ്റ്റുകളില്‍ നടത്താന്‍ സ്ഥിരം സംവിധാനമില്ല. പ്രധാന ചെക്ക് പോസ്റ്റുകളില്‍ ആഘോഷാവസരങ്ങളില്‍ മാത്രം താത്കാലിക സംവിധാനം ഒരുക്കും. കേടാകാതിരിക്കാനായി ആന്റിബയോട്ടിക്കുകളും ഇഞ്ചക്ഷന്‍ മരുന്നുകളും പാലില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും ക്ഷീരവികസന വകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പരിശോധനകളില്‍ പെട്ടെന്ന് മായം കണ്ടെത്താതിരിക്കാനും പാല്‍ ശീതീകരിക്കുന്നതിലൂടെയുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനുമുള്ള ഇതരസംസ്ഥാന പാല്‍ ലോബിയുടെ പുതിയ കണ്ടുപിടിത്തമാണ് അന്റിബയോട്ടിക് മരുന്ന് കലര്‍ത്തല്‍.