പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്

Posted on: June 24, 2017 2:28 pm | Last updated: June 24, 2017 at 9:08 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയുള്ള കത്താണ് പുറത്തായത്. തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണമെന്ന് കത്തില്‍ സുനി ആവശ്യപ്പെടുന്നു.

ദിലീപേട്ടാ, ഞാന്‍ സുനിയാണ്. ജയിലില്‍ നിന്നാണ് ഇത് എഴുതുന്നത് എന്ന് തുടങ്ങുന്ന കത്തില്‍ തനിക്കൊപ്പമുള്ള അഞ്ച് പേരെ രക്ഷിക്കണമെന്നും സുനി പറയുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കാണിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം അടക്കമുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. ദിലീപിന്റെ പേര് കേസില്‍ വലിച്ചിഴക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ ആവശ്യപ്പെട്ടതായാണ് ഇരുവരു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കത്തിന്റെ പകര്‍പ്പ് പുറത്തുവന്നത്.