ചൈനയില്‍ മണ്ണിടിച്ചില്‍: നൂറില്‍ അധികം പേര്‍ മരിച്ചതായി സംശയം

Posted on: June 24, 2017 9:45 am | Last updated: June 24, 2017 at 11:25 am

ബീജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറില്‍ അധികം പേര്‍ മരിച്ചതായി സംശയം. മണ്ണിനടിയില്‍ കുടുങ്ങിവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.
പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. സിന്‍മോ ഗ്രാമത്തില്‍ നാല്‍പതോളം വീടുകള്‍ മണ്ണിനടിയിലായി. പോലീസും അഗ്‌നിശമനസേനയും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാറ്റഗറി ഒന്നില്‍പെട്ട് പ്രകൃതി ദുരന്തമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മുന്‍കരുതലെന്നവണ്ണം സമീപ ഗ്രാമങ്ങളിലെ ആള്‍ക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള ക്വിയാംഗ് പര്‍വതത്തിന്റെ ഒരു ഭാഗവും മഴയില്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ സെന്‍ട്രല്‍ ഹബി മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചിരുന്നു.