ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കുത്തിക്കൊന്നു

Posted on: June 24, 2017 8:43 am | Last updated: June 24, 2017 at 11:45 am

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ സഹയാത്രക്കാര്‍ കുത്തിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് മഥുരയിലേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം. സഹോദരന്‍മാരോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ജുനൈദ് എന്ന ഹരിയാനക്കാരനാണ് മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന സഹോദരന്മാര്‍ ഹാഷിമിനും ശാക്കിറിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഈദ് ഷോപ്പിംഗ് കഴിഞ്ഞ് വല്ലഭ്ഗഢിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ട്രെയിന്‍ ഓഖ്‌ല സ്റ്റേഷനില്‍ എത്തിയതോടെ അവിടെ നിന്ന് കയറിയ ഏതാനും യാത്രക്കാര്‍ സീറ്റിനെച്ചൊല്ലി ഇവരുമായി തര്‍ക്കം തുടങ്ങുകയായിരുന്നു. തര്‍ക്കം പിന്നീട് ബീഫിലേക്ക് വഴിമാറി. സഹോദരന്‍മാര്‍ ബീഫ് കൈവശം വെച്ചിട്ടുണ്ടെന്നായി സഹയാത്രക്കാര്‍. ഇതിനിടെ, ഒരാള്‍ കത്തിയൂരി ജുനൈദിനെ കുത്തുകയും മറ്റുള്ളവരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ ബീഫിനെ ചൊല്ലിയല്ല സീറ്റിനെ ചൊല്ലിയുള്ള വഴക്കിലാണ് അപകടമുണ്ടായതെന്ന് റെയില്‍വേ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ട്രെയിനില്‍ കയറിയതു മുതല്‍ ചില യാത്രക്കാര്‍ തങ്ങളെ ഉപദ്രവിച്ചെന്നും ചെറുത്തു നില്‍ക്കാന്‍ ശ്രമി്ച്ചപ്പോള്‍ പ്രശ്‌നം രൂക്ഷമായെന്നും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശാക്കിര്‍ പറഞ്ഞു. ഹാഷിമും ശാക്കിറും തന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അജയ് കുമാര്‍ പറഞ്ഞു. അതിനിടെ, ശാക്കിറിന്റെയും ഹാഷിമിന്റെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.