Connect with us

Editorial

പതഞ്ജലിയുടെ സ്വദേശി തുറുപ്പ്

Published

|

Last Updated

ആള്‍ദൈവവും യോഗാ ഗുരുവുമായ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നു കൊണ്ടിരിക്കയാണ്. മായം ചേര്‍ന്നതും ഉപയോഗത്തിന് കൊള്ളാത്തതുമാണെന്ന് കണ്ടെത്തിയതിനാല്‍ പ്രതിരോധവകുപ്പിന്റെ സൈനിക ക്യാന്റീനുകളിലെ വിതരണ വിഭാഗമായ ക്യാന്റീന്‍ സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവെച്ചത് രണ്ട് മാസം മുമ്പാണ്. 40 ശതമാനം പതഞ്ജലി ഉത്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി ഹരിദ്വാറിലെ ആയുര്‍വേദ യൂനാനി ഓഫീസ് അറിയിച്ചത് ഒരുമാസം മുമ്പാണ്. 2013 – 2016 കാലയളവില്‍ നടന്ന പരിശോധനകളിലാണ് പതഞ്ജലിയുടെ 82 സാമ്പിളുകളില്‍ 32 എണ്ണം ഗുണനിലവാരത്തില്‍ മോശമാണെന്ന് പരിശോധനയില്‍ തെളിഞ്ഞത്.
നെസ്‌ലേയുടെ നൂഡില്‍സ് മാഗിയുടെ വിപണി നിരോധനത്തിന് പിന്നാലെ പതഞ്ജലി പുറത്തിറക്കിയ നൂഡില്‍സില്‍ അപകടകരമായ രാസപദാര്‍ഥങ്ങള്‍ കൂടിയ അളവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് വിപണിയിലിറങ്ങിയത്. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതി പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ വിധിച്ചത് ആറ് മാസം മുമ്പാണ്. ഏറ്റവുമൊടുവില്‍ പതഞ്ജലിയുടെ ദിവ്യഗസര്‍ചൂര്‍ണ, ബഹുചിചൂര്‍ണ, ത്രിഫലചൂര്‍ണ, അംലചൂര്‍ണ, അദിവ്യചൂര്‍ണ, അശ്വഗന്ധ എന്നീ മരുന്നുകള്‍ നേപ്പാളില്‍ നിരോധിച്ചിരിക്കുകയാണ്. ഈ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ ഗുണമേന്മയില്ലാത്തതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിരോധം. ഇവ വിപണിയില്‍ നിന്നു പിന്‍വലിക്കണമെന്ന് നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പതഞ്ജലിയുടെ പല മരുന്നുകളും ഉത്പാദിപ്പിക്കുന്നത് നിരോധിക്കപ്പെട്ട വസ്തുക്കള്‍ കൊണ്ടാണെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ മൃഗക്കൊഴുപ്പും മനുഷ്യന്റെ എല്ലുപൊടിയും ഉണ്ടെന്ന ആരോപണവുമുണ്ട്. സി പി എം നേതാവ് ബൃന്ദ കാരാട്ടാണ് ഇക്കാര്യം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ആണ്‍കുട്ടികള്‍ ഉണ്ടാകാനുള്ള “മരുന്നുകള്‍” ഇറക്കിയതും വിവാദത്തിനിടയാക്കി.

മാരക രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന വിദേശ ഉത്പന്നങ്ങളെ പ്രതിരോധിക്കാന്‍ സ്വദേശീയവും വിശ്വസ്തവുമായ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നതെന്നാണ് രാംദേവിന്റെ അവകാശവാദം. രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവ വിപണിയില്‍ സ്വാധീനമുറപ്പിച്ചതും. ആള്‍ദൈവമെന്ന നിലയില്‍ രാഷ്ട്രീയ രംഗത്തെ ഉന്നതരെ വലയിലാക്കി അവരുടെ പിന്തുണ ഉറപ്പിക്കാനും അയാള്‍ക്ക് സാധിച്ചു. നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയ ബി ജെ പി നേതാക്കളുമായി രാംദേവിന് അടുത്ത ബന്ധമുണ്ട്. ഈ സ്വാധീനത്തിലാണ് ജവാന്‍മാരെ യോഗ പരിശീലിപ്പിക്കാനുള്ള അവസരവും പതഞ്ജലി ഉത്പന്നങ്ങള്‍ സൈനിക ക്യാമ്പുകളില്‍ വിറ്റഴിക്കാനുള്ള അനുമതിയും രാംദേവ് കൈക്കലാക്കിയത്. ബി എസ് എഫിന്റെ ക്യാമ്പസുകളിലും ട്രൂപ്പുകളിലും പതഞ്ജലിയുടെ നിരവധി സ്‌റ്റോറുകള്‍ തുറന്നിട്ടുണ്ട്. ഇതിലെല്ലാമുപരി ഹിന്ദുത്വ വര്‍ഗീയത നന്നായി വിറ്റഴിക്കുന്ന രാംദേവിന് മോദി സര്‍ക്കാര്‍ വി ഐ പി സുരക്ഷയും നല്‍കിവരുന്നു.

സമൂഹത്തെ ചീത്തയാക്കുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്ന മരുന്നുകള്‍ക്കും ഉത്പന്നങ്ങള്‍ക്കുമെതിരെയായിരുന്നു ബിസിനസ് സാമ്രാജ്യം തുടങ്ങുന്നിതിന് മുമ്പ് രാംദേവിന്റെ മുഖ്യഉത്‌ബോധനം. ഇത് സ്വന്തം ബിസിനസ് സാമ്രാജ്യത്തിന് കളമൊരുക്കാനായിരുന്നെന്ന് പതഞ്ജലി വന്നതോടെ വ്യക്തമായി. പതഞ്ജലിക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ച ഇമാമി, ഡാബര്‍, ഗോദ്‌റെജ് തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം പിന്നിലാക്കി വന്‍വളര്‍ച്ചയാണ് കുറഞ്ഞ കാലം കൊണ്ട് രാംദേവ് കൈവരിച്ചത്. മോദി അധികാരത്തിലേറിയതോടെ വളര്‍ച്ചക്ക് ഗതിവേഗം കൂടി. 2013 സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയായിരുന്നു പതഞ്ജലിയുടെ വരുമാനമെങ്കില്‍ ഇപ്പോഴത് 10,000 കോടിയാണ്. ബി ജെ പി ഭരണം തുടരുന്ന സംസ്ഥാനങ്ങളില്‍ രാംദേവിന് ഭൂമി നല്‍കിയതടക്കമാണ് ഈ വരുമാനത്തിലേക്കെത്തിച്ചതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മൂന്നൂറ് കോടി രൂപയുടെ ഇളവാണ് രാംദേവിന്റെ ഭൂമിക്കച്ചവടത്തിന് നല്‍കിയത്. ഏതായാലും ആത്മീയതയുടെയും സ്വദേശി മുദ്രാവാക്യത്തിന്റെയും മറവില്‍ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന മരുന്നുകളും മറ്റു ഉത്പന്നങ്ങളും വിറ്റഴിക്കുന്ന തട്ടിപ്പ് തടയേണ്ടതാണ്. തുടരെത്തുടരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ അഞ്ഞൂറോളം വരുന്ന പതഞ്ജലിയുടെ എല്ലാ ഉത്പന്നങ്ങളും പരിശോധനക്ക് വിധേയമാക്കുകയും അതില്‍ എത്രത്തോളം മായവും മനുഷ്യശരീരത്തിന് ദോഷകരമായ ചേരുവകളും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജനകീയ വികാരവും കൂട്ടായ്മയും ഉയര്‍ന്നു വരേണ്ടതുണ്ട്.